ഗുരുവായൂരില്‍ കനറാ ബാങ്കിന്‍റെ വിളക്കാഘോഷം ഞായറഴ്ച
ഗുരുവായൂര്‍ : ഗുരുവായൂർ ഏകാദശി വിളക്കിനോടനുബന്ധിച്ച് കനറാ ബാങ്ക് നടത്തുന്ന വിളക്കാഘോഷം സമ്പൂർണ്ണ നെയ് വിളക്കിന്റെ പ്രഭയിൽ ഞായറാഴ്ച ആഘോഷിക്കുമെന്ന് ആഘോഷ കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അ റിയിച്ചു. വിളക്കിനോടനുബന്ധിച്ച് ക്ഷേത്രത്തിനകത്ത് നിറമാല, ചുറ്റുവിളക്ക് എന്നിവ നടക്കും. രാവിലെ 7 ന് മേളത്തിന്റെ അകമ്പടിയോടെ മൂന്നാനകള്‍ അണിനിരക്കുന്ന കാഴ്ചശീവേലി നടക്കും വിഷ്ണു ,ഗോപാലകൃഷ്ണന്‍ , കണ്ണന്‍ എന്നീ കൊമ്പന്മാര്‍ ആണ് കാഴ്ച ശീവേലിക്ക് അണി നിരക്കുക . പെരുവനം കുട്ടൻ മാരാർ, ഗുരുവായൂർ ശശിമാരാർ എന്നിവർ മേളത്തിന് പ്രാമാണികത്വം വഹിക്കും. ഗുരുവായൂർ മുരളി, മാവേലിക്കര കൃഷ്ണകുമാർ എന്നിവരുടെ നേത്യത്വത്തിൽ വൈകീട്ട് 5.30 മുതൽ 6.30 വരെ സ്‌പെഷൽ നാദസ്വര കച്ചേരി നടക്കും. തുടർന്ന് ഭഗവതി ക്ഷേത്രാങ്കണത്തിൽ കലാമണ്ഡലം മഞ്ചേരി ഹരിദാസും , ഗുരുവായൂർ ശശിമാരാരും അവതരിപ്പിക്കുന്ന ഡബിൾ തായമ്പകയും അരങ്ങേറും.
രാത്രി 9 ന് വിളക്കെഴുന്നെള്ളിപ്പിന് വിശേഷാൽ ഇടയ്ക്ക നാദസ്വര പ്രദക്ഷിണവും നടക്കും. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 7 മുതൽ വൈകീട്ട് 6.30 വരെ കനറാ ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതം, ഭക്തിഗാനം , കുച്ചുപുഡി, മോഹിനിയാട്ടം, തിരുവാതിരക്കളി, ഭരതനാട്യം എന്നിവ അരങ്ങേറും. കലാപരിപാടികൾക്ക് കനറാബാങ്ക് ചീഫ് മാനേജർ ശ്രീദേവി നായർ ഭദ്രദീപം തെളിയിക്കും. തുടർന്ന് ജ്യോതിദാസ് ഗുരുവായൂരിന്റെ സോപാന സംഗീതം അരങ്ങേറും. വൈകീട്ട് 6.30 ് ബാങ്ക് മണ്ഡപത്തിൽ കനറാബാങ്ക് ജനറൽ മാനേജർ നായർ അജിത് കൃഷ്ണൻ ഭദ്രദീപം തെളിയിക്കും തുടർന്ന് കലാമണ്ഡലം രാജനും സംഘവും കേളി അവതരിപ്പിക്കും. വൈകീട്ട് 6.30 മുതൽ സിഗ്നൽസ് ദി റിയൽ മ്യൂസിക്ക് ടീം അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറും. വാർത്താസമ്മേളനത്തിൽ ചീഫ് മാനേജർ ശ്രീദേവി നായർ, മാനേജർ കെ സജീഷ്, വിളക്കാഘോഷ കമ്മറ്റി ഭാരവാഹികളായ ടി.രവി, എം.എസ് ഭാസ്‌ക്കരൻ, എസ്. നന്ദകുമാർ എന്നിവർ പങ്കെടുത്തു.