വിവരാവകാശ പരിധിയില്‍ ചീഫ് ജസ്റ്റിസ് ആഫീസും .
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ ഓഫിസ് വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുമെന്ന് സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എൻ.വി രമണ, ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് വിധി പുറപ്പെടുവിച്ച ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
സുതാര്യത നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് പരിക്കേൽപ്പിക്കില്ലെന്ന് ഭൂരിപക്ഷ വിധി വായിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നതാണെന്നും വിധി ന്യായത്തിൽ വ്യക്തമാക്കുന്നു.
സുപ്രീംകോടതിയും ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിൽ വരുമെന്ന 2009ലെ ഡൽഹി ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതി തന്നെ സ്വയം നൽകിയ അപ്പീലിലാണ് അഞ്ചംഗ ബെഞ്ചിന്‍റെ വിധി. ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവർ ഡൽഹി ഹൈകോടതി വിധിയെ അനുകൂലിച്ചപ്പോൾ ജസ്റ്റിസുമാരായ എൻ.വി രമണയും ഡി.വൈ ചന്ദ്രചൂഡും വിയോജിപ്പ് അറിയിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഒാഫീസും വിവരാവകാശ നിയമത്തിൽ വരുമെന്ന ചരിത്ര വിധി ഡൽഹി ഹൈകോടതി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് 2009ൽ പുറപ്പെടുവിച്ചത്. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം എന്നത് ജഡ്ജിയുടെ വിവേചനധികാരമല്ല, മറിച്ച് ജഡ്ജിയുടെ ഉത്തരവാദിത്തമാണെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു. 2010 ജനുവരി 10ന് ഡൽഹി ഹൈകോടതി വിധിക്കെതിര സമർപ്പിച്ച അപ്പീൽ തള്ളിയ ചീഫ് ജസ്റ്റിസ് എ.പി ഷാ, ജസ്റ്റിസുമാരായ വിക്രംജീത് സെൻ, എസ്. മുരളീധർ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ച്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിന്‍റെ 2009ലെ വിധി ശരിവെച്ചു.
2010 നവംബറിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത്. 2016 ആഗസ്റ്റിൽ കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറി. ഈ വർഷം ഏപ്രിലിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം പൂർത്തിയാക്കിയത്.വിവരാവകാശ നിയമ പ്രകാരം ജഡ്ജിമാരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നതിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ നേരത്തെ വിയോജിപ്പ് പ്രകടപ്പിച്ചിരുന്നു.