ഗുരുവായൂരിലെ അമൃത് കുടിവെള്ള പദ്ധതി, മന്ത്രി തല യോഗം തിരുവനന്തപുരത്ത്
ഗുരുവായൂർ : ഗുരുവായൂരിലെ അമൃത് കുടി വെള്ള പദ്ധതിയുടെ നിർവഹണം വേഗത്തിലാക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്ദീന്റെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേരാൻ തിങ്കളാഴ്‌ച നടന്ന അമൃത് അവലോകന യോഗം തീരുമാനിച്ചു . പൈപ്പ് ലൈൻ കടന്ന് പോകുന്ന നാട്ടിക മണലൂർ എം എൽ എ മാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും . ഇതിന് എം എൽ എ കെവി അബ്ദുൾ ഖാദറിനെ ചുമതല പ്പെടുത്തി . അവലോകന യോഗത്തിൽ ടി എൻ പ്രതാപൻ എം പി അധ്യക്ഷത വഹിച്ചു .
പദ്ധതി പൂർത്തിയാക്കാൻ വേണ്ട കാലാവധി 2021 മാർച്ച് വരെ ദീർഘിപ്പിക്കുവാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും . വാട്ടർ അതോറിറ്റിയുടെയും , പൊതു മരാമത്ത് വകുപ്പിന്റെയും ഏകോപനമില്ലായ്മയെ യോഗത്തിൽ പങ്കെടുത്ത നഗര സഭ കൗൺസിലർമാർ നിശിതമായി വിമർശിച്ചു . ഇതിനു പരിഹാരമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും , വാട്ടർ അതോറിറ്റി രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് യോഗം നിർദേശിച്ചു. പദ്ധതി യുടെ ഭാഗമായി ടെലഫോൺ കേബിളുകൾ മാറ്റി സ്ഥാപിക്കാൻ തങ്ങളുടെ കയ്യിൽ പണവുമില്ല സാധന സാമഗ്രഹികളുമില്ല എന്ന് ടെലികമ്മ്യുണിക്കേഷൻ ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു .
.
ഗുരുവായൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ദേവസ്വവുമായി സഹകരിച്ചു നടപടി സ്വീകരിക്കും . മൂന്ന് മാസത്തിന് ശേഷം വീണ്ടും അവലോകന യോഗം ചേരും . ഇന്നത്തെ യോഗ തീരുമാനങ്ങൾ എത്രമാത്രം നടപ്പിലാക്കി എന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ മറുപടി പറയേണ്ടി വരുമെന്ന് എം പി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി . യോഗത്തിൽ സബ് കളക്ടർ ഹഫ്സാന പർവീൻ , അമൃത് നിർവഹണ ഡയറക്ടർ സറീന , ദേവസ്വം ഉദ്യോഗസ്ഥർ , മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ , നഗര സഭ ചെയർപേഴ്സൺ വി എസ് രേവതി , വൈസ് ചെയർമാൻ കെ പി വി നോദ് , സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ മാർ , കൗൺസിലർമാർ ,അമൃത് നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .