ഗുരുവായൂർ പള്ളിറോഡിൽ സ്‌കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് കൊല്ലപ്പെട്ടു , മൂന്നു പേർക്ക് പരിക്കേറ്റു
ഗുരുവായൂർ : ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ , ഗുരുവായൂർ പള്ളിറോഡിൽ സ്‌കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് കൊല്ലപ്പെട്ടു . മൂന്നു പേർക്ക് പരിക്കേറ്റു . ഗുരുവായൂർ പാലുവായ് കേളങ്കണ്ടത്ത് രാജൻ മകൻ രാഹുൽ (22 ) ആണ് കൊല്ലപ്പെട്ടത് . ഞായറാഴ്ച രാത്രി പത്തരയോടെയാണ് കെ എൽ 46 എം 7876 എന്ന സ്‌കൂട്ടറിന്റെ പിറകിൽ കെ എൽ 48 എം 6398 എന്ന ബൈക്ക് ഇടിച്ചു കയറിയത് .
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ അതുവഴി വന്ന വാഹനത്തിൽ മുതു വട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചു . ആശുപത്രിയിൽ എത്തുമ്പോഴേക്കും രാഹുൽ മരണത്തിന് കീഴടങ്ങിയിരുന്നു . രാഹുലിന്റെ കൂടെ സ്‌കൂട്ടറിൽ ഉണ്ടായിരുന്ന മുതുവട്ടൂർ സ്വദേശി അനീഷ് , ഇടിച്ച ബൈക്കിൽ ഉണ്ടായിരുന്ന ചിറ്റാട്ടുകര സ്വദേശികളായ കൊണ്ടാര വളപ്പിൽ പുഷ്ക്കരൻ മകൻ കണ്ണൻ (23 ) സുഹൃത്ത് ചിറ്റിലപ്പിള്ളി വീട്ടിൽ ജോഷി മകൻ ഡാനി (22 ) എന്നിവർക്കാണ് പരിക്കേറ്റത് . ഗുരുതരമായി പരിക്കേറ്റ കണ്ണനെയും ഡാനിയേയും തൃശ്ശൂർ അശ്വനി ആശുപത്രിയിലേക്ക് മാറ്റി തലക്ക് ഗുരുതരപരിക്കേറ്റ കണ്ണനെ അടിയന്തിര ഓപ്പറേഷന് വിധേയമാക്കി. മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ എത്തിയ ബൈക്ക് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു