പാക് അധീന കശ്മീരിലെ നാല് ഭീകര കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു
ദില്ലി: അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ കടന്നാണ് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. ടാങ്ദര്‍ സെക്ടറിനോട് ചേര്‍ന്ന പാക് അധീന കശ്മീരിലെ തീവ്രവാദികളുടെ ക്യാംപുകള്‍ക്ക് നേരെയാണ് സൈന്യം ആക്രമണം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.15 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരികയാണ്.
അതിരാവിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പാകിസ്താന്‍ വെടിവയ്ക്കുകയും രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. മിന്നല്‍ വേഗതയില്‍ ലഭിച്ച തിരിച്ചടിയില്‍ അന്ധാളിച്ചിരിക്കുകയാണ് പാകിസ്താന്‍…പാകിസ്താന്‍ സൈന്യം പ്രകോപനം സൃഷ്ടിച്ചപ്പോഴാണ് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കാന്‍ തീരുമാനിച്ചത്. പാകിസ്താന്റെ ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.
പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുമെന്ന് പാക് സൈന്യം പ്രതീക്ഷിച്ചിരിക്കില്ല. പീരങ്കി ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടി നല്‍കിയതും പാക് തീവ്രവാദ ക്യാംപുകള്‍ ആക്രമിച്ചതും. 15 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുപ്‌വാരയിലെ അതിര്‍ത്തി മേഖലിയലാണ് രാവിലെ പാക് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ മറവില്‍ ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടാനായിരുന്നു നീക്കം. ഇക്കാര്യം മനസിലാക്കിയാണ് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ തകര്‍ത്തത്.
പാകിസ്താന്‍ സൈന്യം രാവിലെ നടത്തിയ ആക്രമണത്തില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെടുകയും മൂന്ന് സിവിലിയന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ ചില വീടുകളും തകര്‍ന്നു. സിവിലിയന്‍മാര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര ഉടമ്പടികള്‍ പ്രകാരം കുറ്റകരമാണ്.കഴിഞ്ഞാഴ്ച ബാരാമുല്ലയിലും റജൗരിയിലും പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാരെ പോലും പാകിസ്താന്‍ സൈന്യം ആക്രമിക്കുന്നുവെന്നാണ് പുതിയ വിവരം. ഈ സാഹചര്യത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം സൂചിപ്പിച്ചതിന് പിന്നാലെയാണ് പാക് അധീന കശ്മീരില്‍ ആക്രമണം നടന്ന വാര്‍ത്ത പുറത്തുവന്നത്.
ജൂലൈ മാസത്തില്‍ മാത്രം പാകിസ്താന്‍ 296 ആക്രമണങ്ങളാണ് അതിര്‍ത്തിയില്‍ നടത്തിയത്. ആഗസ്റ്റില്‍ 307 ആക്രമണങ്ങളുണ്ടായി. സപ്തംബറില്‍ 292 ആക്രമങ്ങളാണ് പാകിസ്താന്‍ സൈന്യം ഇന്ത്യക്കെതിരെ നടത്തിയത്. ഇതില്‍ ചിലത് നശീകരണ ആയുധങ്ങള്‍ ഉപോയഗിച്ചായിരുന്നു.കഴിഞ്ഞാഴ്ച പുല്‍വാമയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പുല്‍വാമയിലെ അവന്തിപോറ നഗരത്തിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ട ജില്ലയാണ് പുല്‍വാമ.