മക്കൾ സംരക്ഷിക്കുന്നില്ലെന്ന് പരാതി , ജാഗ്രതാ സമിതികൾ രൂപീകരിക്കും : വനിതാ കമ്മീഷൻ
തൃശൂർ : മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ തൃശൂരിൽ നടന്ന അദാലത്തിൽ അറിയിച്ചു. രണ്ടാഴ്ച്ചക്കിടെ ഇത്തരം അഞ്ച് പരാതികൾ ഈ പഞ്ചായത്തിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ തീരുമാനം.
അമ്മമാരെ വൃദ്ധസദനത്തിലാക്കുക, അവരുടെ എടിഎം കാർഡുകൾ ദുരുപയോഗം ചെയ്യുക, സ്വത്ത് അപഹരിക്കുക എന്നിങ്ങനെ പരാതികളുമായാണ് അമ്മമാർ കമ്മീഷനെ സമീപിച്ചത്. ഇതിനു പുറമേ മക്കൾ അമ്മയുടെ പേരിൽ വ്യാജ പരാതികൾ കെട്ടിച്ചമച്ച് മാനസികപീഡനം ഏൽപ്പിക്കുന്നതായും കമ്മീഷൻ പറഞ്ഞു. സ്വർണ്ണം മോഷ്ടിച്ചുവെന്ന കുറ്റമാണ് അഞ്ചേരിയിൽ നിന്നും വന്ന അമ്മയ്‌ക്കെതിരെ സ്വന്തം മകൾ ആരോപിച്ചത്. അമ്മയുടെ പേരിലുളള വസ്തു തട്ടിയെടുക്കാനാണ് ബന്ധുക്കളെ കൂട്ടുപിടിച്ച് മകൾ അമ്മയ്‌ക്കെതിരെ പരാതി നൽകിയത്. പൂനെയിൽ താമസിക്കുന്ന പരാതിക്കാരിയായ മകൾ അദാലത്തിന്റെ മൂന്ന് സിറ്റിങ്ങിനും ഹാജരായില്ല. കമ്മീഷൻ ഇടപെട്ട് ഇവരെ അടുത്ത അദാലത്തിൽ എത്താൻ നിർദ്ദേശം നൽകും.
വെളളിക്കുളങ്ങരയിൽ നിന്നുളള അമ്മ മകൻ സ്വത്ത് തട്ടിയെന്ന പരാതിയുമായാണ് കമ്മീഷനു മുന്നിൽ എത്തിയത്. എഴുതിക്കൊടുത്ത 10 സെന്റിനു പുറമേ ലക്ഷങ്ങൾ വിലയുളള നാലര സെന്റ് വസ്തു അമ്മയെ കൊണ്ട് ബലമായി ഒപ്പിടുവിച്ച് ബാങ്കിൽ നിന്നും ലക്ഷങ്ങൾ വായ്പ എടുത്തതായും പരാതിയിൽ പറയുന്നു. ചിലവിനു പോലും നൽകാത്ത മകനെതിരെ സ്റ്റേഷനിൽ പരാതി നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു. മുറ്റിച്ചൂർ എൽപി സ്‌കൂളിനു 25 വർഷമായി പാചകക്കാരിയായി ജോലിനോക്കിയിരുന്ന വനിതയെ അകാരണമായി പിടിഎയും ഹെഡ്മിസിട്രസും കൂടെ പിരിച്ചുവിട്ടെന്ന പരാതിയിൽ കമ്മീഷൻ ഡിപിഐയുടെയും ലേബർ ഓഫീസറുടെയും റിപ്പോർട്ട് ആവശ്യപ്പെട്ടു.
68 പരാതികളാണ് ടൗൺഹാളിൽ നടന്ന അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 34 കേസുകൾ തീർപ്പാക്കി. എട്ട് പരാതികൾ പോലീസ് റിപ്പോർട്ടിനായി അയച്ചു. 26 കേസുകൾ നവംബർ 18 ന് നടക്കുന്ന അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. പ്രതികൾ അദാലത്തിൽ ആവർത്തിച്ച് ഹാജാരാകാത്തതിനെതിരെയും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ അറിയിപ്പ് നൽകിയെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ എം രാധ, എസ് പി കുര്യോക്കോസ്, നിയമോപദേശകർ, കൗൺസലർമാർ എന്നിവർ പങ്കെടുത്തു