പമ്പുടമയുടെ വധം , തെളിവെടുപ്പിന് ശേഷം പ്രതികളെ റിമാൻഡ് ചെയ്തു
തൃശൂർ : കയ്പമംഗലത്തെ പെട്രോൾ പമ്പുടമ മനോഹരനെ കൊലപെടുത്തിയ പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഇന്നലെ പിടിയിലായ കയ്പമംഗലം സ്വദേശികളായ അനസ്, അൻസാർ, സ്റ്റിജോ എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് രാവിലെ 8 മണിയോടെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തത്. ഒന്നാം പ്രതി അനസിനെയാണ് പനമ്പിക്കുന്നിൽ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
മനോഹരൻ പമ്പിൽ നിന്നും കാറിൽ കയറി വീട്ടിലേക്ക് പോയ പനമ്പിക്കുന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലെ വളവിൽ വെച്ചാണ് കാറ് തട്ടിയെടുത്തത്. ഇവിടെ വെച്ചാണ് മനോഹരന്റെ കാറിൽ ബൈക്ക് ഇടിപ്പിച്ചത്. ബലം പ്രയോഗിച്ച് മനോഹരനെ കാറിൽ കയറ്റുന്നതിനിടെ മനോഹരന്റെ ചെരിപ്പ് താഴെ വീണിരുന്നു. ഇതിൽ ഒരു ചെരിപ്പ് സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഈ സ്ഥലത്ത് നിന്നുള്ള പുല്ലുകളും മനോഹരന്റെ കാറിൽ നിന്നും കിട്ടിയിട്ടുണ്ട്. മതിലകത്ത് ബൈക്ക് ഉപേക്ഷിച്ച സ്ഥലത്തേക്കും പ്രതികളെ കൊണ്ടുപോയി. മൂന്നാം പ്രതി അൻസാറാണ് ബൈക്ക് മതിലകത്ത് ഉപേക്ഷിച്ച് കാറിൽ കയറി പോയത്.
അൻസാറിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നും ബൈക്ക് കണ്ടെത്തി.
പനമ്പിക്കുന്നിൽ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാർ രോഷാകുലരായി. ജീപ്പിലിരുത്തിയിരുന്ന പ്രതിയെ നാട്ടുകാരിലൊരാൾ അസഭ്യം പറയുകയും ചെയ്തു. ഇതോടെ പ്രതിയെ പെട്ടെന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. വാടാനപ്പള്ളി സി.ഐ. കെ.ആർ.ബിജു, കയ്പമംഗലം എസ്.ഐ. ജയേഷ് ബാലൻ, അഡീഷണൽ എസ്.ഐമാരായ അനൂപ്, സന്തോഷ്, ജലീൽ, അബ്ദുൾ സലാം, ജീവൻ, ഗോപി എന്നിവരാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
തെളിവെടുപ്പിന് ശേഷം പ്രതികളെ വൈകീട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . കൂടുതൽ തെളിവെടുപ്പ് കസ്റ്റഡിയിൽ വാങ്ങിയശേഷം ഉണ്ടാകും , മൃതദേഹം ഉപേക്ഷിച്ച ഗുരുവായൂർ മമ്മിയൂരിലും , മനോഹരന്റെ കാർ ഉപേക്ഷിച്ച പെരിന്തൽമണ്ണ അങ്ങാടിപ്പുറം റയിൽവേ പാർക്കിങ്ങിലും പ്രതികളെ കൊണ്ട് പോയി തെളിവെടുപ്പ് നടത്തും