ഗുരുവായൂരിൽ രഞ്ജിത്തിന്റെ കസ്റ്റഡി മരണം , എട്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
ഗുരുവായൂർ : ഗുരുവായൂരിൽ നിന്നും പിടികൂടിയ രഞ്ജിത്തെന്ന യുവാവ് എക്സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ എട്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ.ഉമ്മര്‍, എം.ജി.അനൂപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിധിന് എം.മാധവന്, വി.എം.സ്മിബി, എം.ഒ.ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവര്‍ വി.ബി.ശ്രീജിത്ത് എന്നിവര്‍ക്കാണ് സസ്പെന്ഷന്.
അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്ക്കെതതിരെ വെള്ളിയാഴ്ച പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. യുവാവ് മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് കേസിലെ തുടര്‍നടപടികള്‍ ആരംഭിച്ചത്. ഗുരുവായൂര്‍ എസിപി ബിജു ഭാസ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയരായ രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയി . ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു ഫോറൻസിക് വിഭാഗം പരിശോധന നടത്തി .
അതെ സമയം രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്ത തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല . ബൈക്കിൽ എത്തിയ രണ്ടു യുവാക്കളെയാണ് എക്സൈസ് സംഘം ഗുരുവായൂരിൽ നിന്ന് ഓടിച്ചിട്ട് പിടിച്ചത് . കിഴക്കേനടയിൽ കനിഷ്ക ജംഗ്ഷനിൽ നിന്നാണ് മഫ്ടിയിൽ എത്തിയ എക്സൈസ് സ്പെഷൽ സ്കോഡ് രഞ്ജിത്തിനെയും സുഹൃത്തിനെയും ഓടിച്ചിട്ട് പിടികൂടിയത് . പിടികൂടിയ ശേഷം ഒരാളെ വിലങ്ങണിയിച്ചും അപരനെ വിലങ്ങ് വെക്കാതെയുമാണ് ജീപ്പിൽ കയറ്റി കൊണ്ട് പോയതെന്ന് ദൃക് സാക്ഷികൾ പറയുന്നു . യുവാക്കൾ സഞ്ചരിച്ച രണ്ട് ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .എന്നാൽ രഞ്ചിത്തിന്റെ കൂടെ കൊണ്ടുപോയ യുവാവിനെ കുറിച്ച് ഒരു വിവരവും ഇല്ല . രഞ്ജിത്തിനെ പിടി കൂടി രണ്ടു മണിക്കൂർ കഴിഞ്ഞാണ് ഗുരുവായൂരിൽ നിന്നും അഞ്ചു കിലോ മീറ്റർ മാത്രം ദൂരമുള്ള പാവറട്ടി ആശുപത്രിയിൽ എത്തിച്ചിട്ടുള്ളത് . രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ഏതോ രഹസ്യ കേന്ദ്രത്തിൽ വച്ച് ക്രൂരമായി മർദിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം