കൂടത്തായിലെ കൂട്ട കൊലപാതകം , യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട്: കൂടത്തായിലെ കൂട്ട കൊലപാതകം , യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. മരിച്ച റോയിയുടെ ഭാര്യ ജോളി, സയനെഡ് എത്തിച്ചെന്ന് സംശയിക്കുന്ന ജോളിയുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരൻ മാത്യു സാമുവൽ, ഇയാൾക്ക് സയനെഡ് കൈമാറിയ സ്വർണപണിക്കാരൻ പ്രജുകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വടകര എസ്.പി ഒാഫീസിലും പയ്യോളി പൊലീസ് സ്റ്റേഷനിലും വെച്ച് നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ജോളിയുടെ നിലവിലെ ഭർത്താവ് ഷാജുവിനെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്ന് പുലർച്ചെ വനിത പൊലീസിൻെറ സാന്നിധ്യത്തിലാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികളെ നേരത്തേ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.ഫോറൻസിക് ഫലം ലഭിച്ചതിന് ശേഷം കൂടുതൽ ശാസ്ത്രീയ പരിശോധനകളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. സംശയത്തിൻെറ നിഴലിലുള്ളവരെ ബ്രെയിൻ മാപ്പിങ് ഉൾപ്പടെയുള്ള പരിശോധനകൾക്ക് വിധേയമാക്കാൻ ആലോചിക്കുന്നുണ്ട്. ജോളിക്ക് ആദ്യ ബന്ധത്തിൽ രണ്ട് ആൺമക്കൾ ഉണ്ട്. ഇവർ വിദ്യാർഥികളാണ്. ഇടുക്കി കട്ടപ്പന സ്വദേശിയാണ് ജോളി. ജോളിയുടെ നിലവിലെ ഭർത്താവ് ഷാജു മരിച്ച ടോം തോമസിൻെറ സഹോദര പുത്രനാണ്.
കൂടത്തായിയിലെ കുടുംബത്തിലെ അഞ്ചു പേരും ഒരു ബന്ധുവുമാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയിതോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മഞ്ചാടിയില്‍, ടോം തോമസിെൻറ സഹോദരന്‍ പുലിക്കയം സ്വദേശി ഷാജുവിെൻറ ഭാര്യ സിലി, ഇവരുടെ മകള്‍ ആൽഫൈന്‍ എന്നിവരാണ് മരിച്ചത്. 2002 ലാണ് ആദ്യ മരണം നടന്നത്. മരണങ്ങള്‍ക്കെല്ലാം സമാന സ്വഭാവവുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്.
2011ല്‍ മരിച്ച റോയി തോമസിെൻറ മൃതദേഹമൊഴികെ മറ്റു അഞ്ചുപേരുടേതും പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് സംസ്‌കരിച്ചത്. റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതില്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഈ മരണങ്ങളില്‍ സംശയമുയര്‍ത്തി അമേരിക്കയില്‍ ജോലിചെയ്യുന്ന റോയിയുടെ ഇളയ സഹോദരന്‍ റോജോ ജില്ല പൊലീസ് മേധവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തിനിടെയാണ് ബന്ധുക്കളായ മറ്റ് അഞ്ചു പേരുടെയും മരണത്തിലും സമാനതകള്‍ കണ്ടെത്തിയതും കൊലപാതകമാണെന്ന് സംശയിക്കാനുമിടയായത്