കെവിന്‍ വധക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച
കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് ചൊവ്വാഴ്ചയിലേക്കു മാറ്റി. ഇന്ന് പ്രതികള്‍ക്കു മേലുള്ള പ്രതിഭാഗത്തിന്റെ വാദമാണ് അവസാനിച്ചത്. ഇന്ന് വിധിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ദുരഭിമാനക്കൊലയെങ്കില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കാണേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. ഇതൊരു അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കണക്കാക്കാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ തന്നെ പരമാവധി 25വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാനേ പാടുള്ളു. പ്രതികളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണം. പ്രതികള്‍ മുമ്ബ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. കെവിന്‍ ക്രൂരമായ കൊലയ്ക്ക് ഇരയായല്ല കൊല്ലപ്പെട്ടതെന്നടക്കമുള്ള നാല് വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ട് വച്ചത്. വധശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം വാദിച്ചു.
പല പ്രതികളും ഈ സമയത്ത് പൊട്ടിക്കരയുകയായിരുന്നു. കേസില്‍ നീനുവിന്റെ സഹോദരനടക്കം 10പേരെയാണ് കുറ്റക്കാരെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ആണ് ഒന്നാം പ്രതി. നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജ്ജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷരീഫ്, ഷാനു ഷാജഹാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. എല്ലാ പ്രതികള്‍ക്കെതിരെയും കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശല്‍, കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.