വളര്‍ച്ച മുരടിപ്പ് നേരിടാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രമന്ത്രി
ദില്ലി: രാജ്യം വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുന്നുവെന്ന ആശങ്കയ്ക്കിടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ചാര്‍ജ്ജ് ഒഴിവാക്കലടക്കം സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
സാമ്പത്തികരംഗത്ത് നിലവിലുള്ള മുരടിപ്പ് ആഗോളതലത്തിലുള്ള പ്രതിഭാസമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 3.2 ശതമാനമായിരിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഇടിവുണ്ടാവും എന്നാണ് കരുതുന്നത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിട്ടും അതിനനുസരിച്ചുള്ള നേട്ടം പലപ്പോഴും സാധാരണക്കാര്‍ക്ക് കിട്ടാത്ത അവസ്ഥയുണ്ട്. ഇതൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടും. ഇതിനായി ഭവന-വാഹനവായ്പകളുടെ പലിശ ഉടനെ കുറയ്ക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
നിലവില്‍ രാജ്യത്തിന്‍റെ വളര്‍ച്ചാനിരക്കില്‍ വ്യതിയാനമുണ്ടായേക്കും എങ്കിലും ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇപ്പോഴും ഇന്ത്യ. അമേരിക്കയും ചൈനയും സാമ്പത്തികവളര്‍ച്ചയില്‍ നമ്മളേക്കാള്‍ പിന്നിലാണ്. രാജ്യത്തെ വ്യവസായങ്ങള്‍ തുടങ്ങാനുള്ള സാഹചര്യങ്ങള്‍ കൂടിയിട്ടുണ്ട്. സാമ്പത്തികരംഗത്തിന്‍റെ വളര്‍ച്ച നിലവില്‍ ശരിയായ ദിശയിലാണ്. ജിഎസ്‍ടി വഴിയുള്ള നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനുള്ള ശ്രമം ഇനി നടത്തുമെന്നും നിര്‍മലാ സീതാരാമന്‍ അറിയിച്ചു.
രാജ്യത്തെ വാഹനവിപണി നഷ്ടത്തിലാണെന്ന വാര്‍ത്ത പുറത്തു വന്നോതോടെയാണ് ഇന്ത്യ വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക ശക്തമായത്. സ്വര്‍ണവില ക്രമാതീതമായി കൂടിയതും രൂപയുടെ മൂല്യം 11 വര്‍ഷത്തെ ഏറ്റവും താഴ്‍ന്ന നിലയില്‍ എത്തിയതും ഈ നിലയിലേക്കുള്ള ചര്‍ച്ചകള്‍ ശക്തമാക്കി. ഇതിനിടെ തീര്‍ത്തും നാടകീയമായി നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ 70 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം എന്ന് പ്രസ‍്താവിച്ചത്. ഈ പ്രസ്താവന പിന്നീട് രാജീവ് കുമാര്‍ തിരുത്തി. വൈകുന്നേരം മാധ്യമങ്ങളെ കണ്ട കേന്ദ്രധനമന്ത്രിയാവട്ടെ പരോക്ഷമായെങ്കിലും സാമ്പത്തികമാന്ദ്യമുണ്ടെന്ന് സമ്മതിക്കുകയും സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താനായി നിരവധി പദ്ധതികളും നിര്‍ദേശങ്ങളും അവതരിപ്പിക്കുകയും ചെയ്തു.
കേന്ദ്രധനമന്ത്രി നടത്തിയ നിര്‍ണായക പ്രഖ്യാപനങ്ങള്‍
വീടും വസ്തുകളും വില്‍ക്കുമ്പോള്‍ ഉള്ള സര്‍ചാര്‍ജ്ജ് ഒഴിവാക്കും
വിവിധ മന്ത്രാലയങ്ങള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം എടുത്തു കളയും
2020 മാർച്ച് 20 വരെ വിൽക്കുന്ന ബിഎസ് 4 വാഹനങ്ങൾ രജിസ്ട്രേഷൻ തീരുന്നത് വരെ നിരത്തിൽ ഓടിക്കാം.
നിര്‍മ്മാണം നിലച്ച ഫ്ളാറ്റുകളുടെ കാര്യത്തില്‍ അടുത്ത ആഴ്ച യോഗം ചേര്‍ന്ന് തീരുമാനമെടുക്കും
ഭവനവായ്പ പലിശ നിരക്കില്‍ കുറവ് വരുത്തും
ലോണുകള്‍ അടച്ചു തീര്‍ത്താല്‍ അടുത്ത 15 ദിവസത്തിനകം എല്ലാ രേഖകളും ബാങ്കുകള്‍ തിരിച്ചു നല്‍കണം.
പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപ ഉടനെ നല്‍കും
ഒക്ടോബര്‍ ഒന്ന് മുതല്‍ ആദായനികുതി നോട്ടീസുകള്‍ ഇനി ഏകീകൃത രൂപത്തില്‍
ജിഎസ്‍ടി നികുതിപിരിവ് കൂടുതല്‍ ലളിതമാക്കും
ചെറുകിട വ്യവസായങ്ങള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് എളുപ്പമാക്കും
നികുതി ഫോമുകളുടെ എണ്ണം ഇനിയും കുറയ്ക്കും
കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് – സിഎസ്ആറില്‍ വരുത്തുന്ന ലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കില്ല. പകരം സിവില്‍ കേസായി പരിഗണിക്കും.
ചെറുകിട വ്യാപാരി-വ്യവസായികള്‍ക്കുള്ള ജി എസ് ടി റീഫണ്ട് കുടിശ്ശികയടക്കം 30 ദിവസത്തിനുള്ളില്‍ കൊടുക്കും സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന ആദായനികുതി പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക സംവിധാനം
റിപ്പോ നിരക്കിന് ആനുപാതികമായി ബാങ്കുകള്‍ പലിശയില്‍ മാറ്റം വരുത്തണം. ഇതുവഴി ഭവന-വായ്പകളുടെ അടക്കം ഇഎംഐ കുറയും. കൂടുതല്‍ മൂലധനം വിപണിയിലേക്ക് എത്തും
സിഎസ്ആര്‍ ഫണ്ടി വിനിയോഗിച്ചില്ലെങ്കില്‍ ക്രിമിനല്‍കേസില്ല സിവില്‍ കേസ് മാത്രം.
അപേക്ഷകര്‍ക്ക് അവരുടെ വായ്പ അപേക്ഷയുടെ നിലവിലെ സ്ഥിതി ഓണ്‍ലൈനായി അറിയാന്‍ വഴിയുണ്ടാകും.