പിറന്നാൾ ആഘോഷത്തിന് ഗുരുപവനപുരി ഒരുങ്ങി ,നാളെ അഷ്ടമി രോഹിണി
ഗുരുവായൂര്‍: കണ്ണന്റെ പിറന്നാളാഘോഷത്തിന് ഗുരുപവനപുരി ഒരുങ്ങി . നാളെയാണ് കണ്ണന്റെ പിറന്നാളാഘോഷമായ അഷ്ടമിരോഹിണി. ക്ഷേത്രത്തില്‍ രണ്ടുനേരവും പ്രഗദ്ഭരുടെ മേളപ്രമാണത്തില്‍, ദേവസ്വം ആനതറവാട്ടിലെ ഗജകേസരികളെ അണിനിരത്തി ആഘോഷത്തോടെയുള്ള കാഴ്ച്ചശീവേലി പിറാളാഘോഷത്തിന് മാറ്റുകൂട്ടും. പിറന്നാളാഘോഷത്തിന് ഗുരുപവനപുരിയിലേയ്ക്ക് ഒഴുകിയെത്തുന്ന പതിനായിരങ്ങളെ വരവേല്‍ക്കാനും, പിറന്നാളാഘോഷത്തില്‍ പങ്കുകൊള്ളാനും ദേവസ്വം ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. പിറന്നാള്‍ദിനത്തിലെ തിരക്ക് നിയന്ത്രിയ്ക്കുതിന്റെ ഭാഗമായി, രാവിലെ 6-മണിമുതല്‍ ഉച്ചയ്ക്ക് 2-മണിവരെ വി.ഐ.പി ദര്‍ശനവും, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക ദര്‍ശന സൗകര്യവും ഉണ്ടായിരിയ്ക്കില്ലെന്ന് ദേവസ്വം അറിയിച്ചു.
ഇരുപത്തയ്യായിരത്തോളം ഭക്തര്‍ കണ്ണന്റെ പിറന്നാള്‍ സദ്യയില്‍ പങ്കുകൊള്ളുമെന്ന നിലയ്ക്ക്, പ്രത്യേകം സജ്ജമാക്കി തെക്കേനടയിലും, വടക്കേനടയിലെ അന്നലക്ഷ്മി ഹാളിലുമായി അതിവിപുലമായ പന്തലുകളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10-മുതല്‍, ഉച്ചയ്ക്ക് 2-മണിവരേയാണ് പിറന്നാള്‍ സദ്യ ഭക്തര്‍ക്ക് ഒരുക്കിയിട്ടുള്ളത്. അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് 19.17-ലക്ഷം രൂപയാണ് ദേവസ്വം എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകരിച്ചിട്ടുള്ളത്. പിറന്നാള്‍ ദിനത്തിലെ പ്രധാന വഴിപാടായ അപ്പത്തിന്, ഇക്കൊല്ലം മുന്‍കൂട്ടി ബുക്ക്‌ചെയ്യാവുന്ന തരത്തിലാണ് ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പിറന്നാള്‍ദിനത്തില്‍ അമ്പതിനായിത്തോളം അപ്പമാണ് ക്ഷേത്രത്തില്‍ ഭഗവാന് നിവേദിയ്ക്കുന്നത്. 30-രൂപയ്ക്ക് രണ്ടപ്പം എന്ന നിലയില്‍ നിവേദിച്ച അപ്പം ഒരാള്‍ക്ക് പരമാവധി 450-രൂപയ്ക്ക്‌വരെ ശീട്ടാക്കാം.
അഷ്ടമി രോഹിണിയോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ ”ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌ക്കാരം,” കഥകളി ആചാര്യന്‍ പത്മശ്രീ ഡോ: കലാമണ്ഡലം ഗോപിക്ക് നാളെ സമ്മാനിയ്ക്കും. വൈകീട്ട് 5-ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസകാരിക സമ്മേളനത്തില്‍, ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് പുരസ്‌ക്കാരം സമ്മാനിയ്ക്കും. 25,555 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് ”ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌ക്കാരം,”