ഗുരുവായൂർ നഗരസഭയിലെ തോടുകളെല്ലാം സര്‍വ്വേ നടത്തി കയ്യേറ്റം ഒഴിപ്പിച്ച് വൃത്തിയാക്കും
ഗുരുവായൂർ: നഗരസഭയിലെ തോടുകളെല്ലാം സര്‍വ്വേ നടത്തി കയ്യേറ്റം ഒഴിപ്പിക്കാനും വൃത്തിയാക്കാനും കൗൺസിൽ തീരുമാനിച്ചു. അമൃത് പദ്ധതിയിലെ കാനയും, വലിയ തോട് വൃത്തിയാക്കിയതും വെള്ളക്കെട്ട് കുറച്ചുവെന്ന് പ്രതിപക്ഷ അംഗങ്ങൾ തന്നെ പ്രശംസിച്ചു. വലിയ തോട് ഡ്രഡ്ജര്‍ ഉപയോഗിച്ച് വൃത്തിയാക്കിയ മാതൃകയില്‍ മറ്റ് തോടുകളും വൃത്തിയാക്കണമെന്നും നിർദേശമുണ്ടായി. കനത്ത ദുരിതം ഉണ്ടായ ചൊവ്വല്ലൂര്‍പ്പടി, ഇരിങ്ങപ്പുറം, ചക്കംകണ്ടം, വാഴപ്പുള്ളി, തലേങ്ങാട്ടിരി പ്രദേശങ്ങളെ പ്രത്യേകം പരിഗണിക്കണമെന്ന് ടി.ടി. ശിവദാസന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ വെള്ളക്കെട്ടിൻറെ ദുരിതമില്ലാത്തവർ ദുരിതാശ്വാസ ക്യാമ്പിലെത്തിയെന്ന ആരോപണവുമായ് കോൺഗ്രസ് കൗൺസിലർ പി.എസ്. രാജൻ രംഗത്തെത്തി. മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങളുടെ പേര് വിവരം വാർത്താകുറിപ്പായി നൽകണമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോട് നിർദേശിച്ചു. അടുത്ത മാസം ഒന്ന് മുതൽ വസ്തു നികുതിക്ക് ഓൺലൈൻ പേയ്മെൻറ് സംവിധാനം നടപ്പാക്കും. എല്ലാ കൗൺസിലർമാരുടെയും ഒരു വർഷത്തെ ഓണറേറിയം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും. അമ്പാടി കെട്ടിടം റീടെൻഡർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് എ.ടി. ഹംസ ഇറങ്ങിപ്പോയി.
വി.എസ്. രേവതി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, കെ.വി. വിവിധ്, എ.പി. ബാബു, എ.ടി. ഹംസ, ഷൈലജ ദേവന്‍, എ.പി. ബാബു, ജലീല്‍ പണിക്കവീട്ടില്‍, ബഷീര്‍ പൂക്കോട്, ടി.കെ. വിനോദ്കുമാര്‍, പി.എസ്. രാജൻ എന്നിവര്‍ സംസാരിച്ചു.