ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിങ്ങമഹോത്സവം
ഗുരുവായൂര്‍: ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് ചിങ്ങമഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിയ്ക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . . ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയ്ക്ക് മജ്ഞുളാല്‍ തറയ്ക്ക് സമീപം അലങ്കരിച്ച കൊടികൂറയില്‍, ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് കേളികൊട്ടിന്റെ അകമ്പടിയില്‍ കൊടിഉയര്‍ത്തുന്നതോടെ ചിങ്ങമഹോത്സവത്തിന് തുടക്കമാകും.
ഹൈന്ദവ കൂട്ടായ്മയുടെ എല്ലാവിഭാഗം സാരഥികളും ഒത്തുചേര്‍ന്ന് അഖണ്ഡ ഭാരത ശില്‍പ്പത്തിന് മുന്നില്‍ തിരിതെളിയിച്ചുകൊണ്ട് സമുദായ സമന്വയ ദീപജ്യോതി സമര്‍പ്പണവും നടത്തും. ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി ചിങ്ങം ഒന്നിന് മജ്ഞുളാല്‍ പരിസരത്ത് ഗുരുവായൂര്‍ ജയപ്രകാശിന്റെ മേളപ്രമാണത്തില്‍ നൂറില്‍പ്പരം വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന ” മജ്ഞുളാല്‍ തറമേളവും,” മേളത്തിന് ശേഷം, പരിസരത്തെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്ക് നല്‍കിവരുന്ന ”ശ്രീഗുരുവായൂരപ്പന്‍ മേളപുരസ്‌ക്കാരം,” സോപാന സംഗീതജ്ഞനും, ഏഷ്യന്‍ റെക്കാര്‍ഡ് ജേതാവുമായ ഗുരുവായൂര്‍ ജ്യോതിദാസിന് സമ്മാനിയ്ക്കും.
തുടര്‍ന്ന് പഞ്ചവാദ്യം, ശ്രീകൃഷ്ണവേഷധാരികള്‍, പട്ടുകുട, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ശ്രീഗുരുവായൂരപ്പന്റെ ഛായാചിത്രവും വഹിച്ചുള്ള വര്‍ണ്ണശബളമായ നാമജപഘോഷയാത്ര, മജ്ഞുളാല്‍ പരിസരത്തുനിന്നാരംഭിച്ച് ക്ഷേത്രപരിസരത്തെത്തിചേരും. ശേഷം ക്ഷേത്രതിരുമുറ്റത്ത് നറുനെയ്യില്‍ ഒരുക്കിവെച്ചിട്ടുള്ള അഞ്ഞൂറോളം ഐശ്വര്യവിളക്കുകള്‍ ഭഗവാന് മുന്നില്‍ തെളിയിയ്ക്കുന്നതോടെ ചിങ്ങ മഹോത്സവത്തിന് സമാപനമാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ പ്രസിഡണ്ട് കെ.ടി. ശിവരാമന്‍നായര്‍, സെക്രട്ടറി അനില്‍ കല്ലാറ്റ്, വര്‍ക്കിങ്ങ് കണ്‍വീനര്‍ ശശി കേനാടത്ത്, അഡ്വ: രവി ചങ്കത്ത്, ബാലന്‍ വാറണാട്ട്, ജയറാം ആലുക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു