എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക് സി.പി.ഐ മാര്‍ച്ച് ,മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിന് പരിക്കേറ്റു
കൊച്ചി: എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം അടക്കം 15 സി.പി.ഐ പ്രവര്‍ത്തകര്‍ക്കും അസി. കമീഷണര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. കൈയൊടിഞ്ഞ എല്‍ദോ എബ്രഹാം, കൊച്ചി അസി. കമീഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ എസ്.ഐ വിപിന്‍ദാസ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവിെന്റ തലക്ക് നിസ്സാര പരിക്കേറ്റു.
വൈപ്പിന്‍ സര്‍ക്കാര്‍ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ എ.ഐ.എസ്.എഫുകാരെ കാണാന്‍ ബുധനാഴ്ച രാത്രി ആശുപത്രിയിലെത്തിയ പി. രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ നിഷ്ക്രിയത്വം പാലിച്ച ഞാറക്കല്‍ സി.ഐ ഉള്‍പ്പെടെ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. രാവിലെ 11.30ന് ഹൈകോടതി ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി.ഐ.ജി ഓഫിസിന് 50 മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. പി. രാജുവിെന്റ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടന്‍ എല്‍ദോ എബ്രഹാം ഉള്‍പ്പെടെ സമരക്കാര്‍ ബാരിക്കേഡിലേക്ക് തള്ളിക്കയറിയതോടെ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെത്തുടര്‍ന്നാണ് ലാത്തിവീശിയത്. സംഘര്‍ഷത്തില്‍പെട്ട എം.എല്‍.എയുടെ ഇടതുകൈ ഒടിയുകയും തലക്കും പുറത്തും പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ.എന്‍. സുഗതന്‍, എക്സിക്യൂട്ടിവ് അംഗം ടി.സി. സന്‍ജിത്ത് എന്നിവര്‍ക്കും മര്‍ദനമേറ്റതായി പറയുന്നു. പരിക്കേറ്റ സിവില്‍ പൊലീസ് ഓഫിസര്‍ സുബൈര്‍, ജില്ല പഞ്ചായത്ത് അംഗവും സി.പി.ഐ ജില്ല കൗണ്‍സില്‍ അംഗവുമായ അസ്‌ലഫ് പാറേക്കാടന്‍, ചൂര്‍ണിക്കര പഞ്ചായത്ത് അംഗവും ലോക്കല്‍ സെക്രട്ടറിയുമായ പി.കെ. സതീഷ്‌കുമാര്‍, ഉദയംപേരൂര്‍ ലോക്കല്‍ സെക്രട്ടറി ആല്‍വിന്‍ സേവ്യര്‍, എ.ഐ.എസ്.എഫ് ജില്ല ജോയന്‍റ് സെക്രട്ടറി എന്‍.എം ജയരാജ്, എ.ഐ.വൈ.എഫ് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി വി.വി. വിനു, പറവൂര്‍ മണ്ഡലം ജോയന്‍റ് സെക്രട്ടറി എം.എ. സിറാജ്, കൊച്ചി മണ്ഡലം വൈസ് പ്രസിഡന്‍റ് അഫ്സല്‍, ജില്ല കമ്മിറ്റി അംഗം കെ.വി. മുരുകേഷ്, പ്രവര്‍ത്തകരായ ജോണ്‍ മുക്കത്ത്, കെ.കെ. പ്രദീപ്കുമാര്‍ എന്നിവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.