കർണാടക വിമതർക്ക് തിരിച്ചടി , തീരുമാനം സ്പീക്കർക്ക് വിട്ടു സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി പറഞ്ഞു. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നുമാണ് സുപ്രിം കോടതി വ്യക്തമാക്കിയത്. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ കോടതിയാണ് വിധി പറഞ്ഞത്. സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് മൂന്നംഗബെഞ്ചിന്റെ നിര്‍ദേശം.
കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാനാവില്ലെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഭരണാഘടനാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാനേ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതികൂട്ടിച്ചേര്‍ത്തിരുന്നു. ഏതാണ്ട് അതേ അഭിപ്രായം തന്നെയാണ് കോടതി ഇന്നും വ്യക്തമാക്കിയിരിക്കുന്നത്. വിശദമായ വിധി പുറത്തുവന്നിട്ടില്ല. എങ്കില്‍ മാത്രമേ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരൂ.
വിമത എം.എല്‍.എമാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വാദം ആരംഭിച്ചത്. വിമത എം.എല്‍.എമാര്‍ ഇല്ലെങ്കില്‍ ഈ സര്‍ക്കാര്‍ ഇല്ല, രാജിവെക്കുക എന്നത് എം.എല്‍.എയുടെ അവകാശമാണെന്നും റോത്തഗി വാദിച്ചിരുന്നു.രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി അവകാശ ലംഘനമാണെന്നും ബി.ജെ.പിയുമായി വിമത എം.എല്‍.എമാര്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്നും റോത്തഗി കോടതിയില്‍ പറഞ്ഞു. കേസില്‍ വാദം തുടരുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇങ്ങനെ നിരീക്ഷണം നടത്തിയത്.ജൂലായ് ആറിന് എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയിട്ടും സ്പീക്കര്‍ ഒരു നടപടിയും എടുത്തില്ല. അതുകൊണ്ടാണ് എം എല്‍ എമാര്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. എന്തുകൊണ്ടാണ് സ്പീക്കര്‍ തീരുമാനം എടുക്കാതിരുന്നത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികള്‍ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കര്‍ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്നലെ കുറ്റപ്പെടുത്തി. കര്‍ണാടകത്തില്‍ നാളെ വിശ്വാസ വോട്ടെടുപ്പില്‍ സ്പീക്കറുടെ നിലപാട് നിര്‍ണായകമാകും.