പാലയൂർ മാർതോമ അതിരൂപത തീർത്ഥകേന്ദ്രത്തിൽ ദുക്‌റാന ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ചാവക്കാട് : പാലയൂർ മാർതോമ അതിരൂപത തീർത്ഥകേന്ദ്രത്തിൽ ദുക്‌റാന ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ദുക്‌റാന ഊട്ടുതിരുനാളിന് അരലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കും.
നാളെ രാവിലെ 9.15-ന് തർപ്പണ തിരുനാൾ കൊടിയേറ്റവും തുടർന്ന് ഊട്ട് ആശിർവ്വാദവും , ആഘോഷമായ ദിവ്യബലി, തിരുനാൾ സന്ദേശം എന്നിവ നടക്കും. തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
വൈകീട്ട് നാല് വരെ തിരുനാൾ ഊട്ടുനേർച്ചയുണ്ടാവും. ഉച്ചതിരിഞ്ഞ് 2.30-ന് മാർതോമ മക്കൾ സംഗമം നടക്കും . തർപ്പണ തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനക്ക് മാർ ജെയ്ക്കബ്ബ് തൂങ്കുഴി മുഖ്യ കാർമ്മികത്വം വഹിക്കും. തിരുനാൾ ദിവസം രാവിലെ 6.30 നും വൈകീട്ട് നാലിനും ദിവ്യബലി ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ തിരുനാൾ ഏറ്റുകഴിക്കുന്നതിനുള്ള സൗകര്യം (തിരുനാൾ ഭക്ഷണം) ഉണ്ടായിരിക്കും.വൈകീട്ടുള്ള ദിവ്യബലിക്കുശേഷം ജൂതകുന്ന് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം ഉണ്ടാവും. ഉച്ചക്ക് രണ്ടിന് തളിയക്കുളം കപ്പേളയിൽ ആഘോഷമായ മാമ്മോദീസയും തിരുകർമ്മവും തുടർന്ന് ദിവ്യബലിയുമുണ്ടായിരിക്കും.
വൈകീട്ട് ഏഴിന് ബാന്റ്‌മേളം അരങ്ങേറും.തിരുനാൾ തലേദിനമായ ശനിയാഴ്ച വൈകീട്ട് 5.15 ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി, വേസ്പര, കൂടുതുറക്കൽ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിച്ചു വെയ്ക്കൽ എന്നിവ നടക്കും .അതിരൂപത ചാൻസലർ ഫാ. സണ്ണി കുറ്റിക്കോട്ടയിൽ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.