ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി
ലണ്ടന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇറക്കിയത്. മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്ക് പോകുകയായിരുന്ന എഐ 191 യാത്രവിമാനമാണ് തിരിച്ചിറക്കിയത്.ബ്രിട്ടീഷ് വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തെ പിന്തുടര്‍ന്നുവെന്ന് ബ്രിട്ടീഷ് മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ഇന്ത്യ വിമാനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് തങ്ങളുടെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ എയര്‍ഇന്ത്യ വിമാനത്തിന് അടുത്ത് എത്തുകയും ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയും ചെയ്തുവെന്ന് ബ്രിട്ടീഷ് വ്യോമസേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട ചെയ്യുന്നു.
അതേസമയം രാവിലെ 10.15 ഓടെയാണ് വിമാനം ഇറങ്ങിയതെന്ന് സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലാന്‍ഡ് ചെയ്ത വിമാനം സുരക്ഷാപരിശോധനയ്ക്കായി പ്രധാന ടെര്‍മിനലില്‍ നിന്നും മാറ്റിയിരിക്കുകയാണ്. വിമാനത്താവളത്തിലേയും അന്താരാഷട്ര ടെര്‍മിനലിലേയും പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുകയാണെന്നും വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറന്നത് ബ്രിട്ടനിലെ ഡെര്‍ബി അടക്കമുള്ള പ്രദേശങ്ങളില്‍ ആശങ്ക ജനിപ്പിച്ചതായി ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോണിക് ബൂമിന് തുല്യമായ അവസ്ഥ യുദ്ധവിമാനം താഴ്ന്നു പറന്നതിനെ തുടര്‍ന്നുണ്ടായെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അതേസമയം എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ വിശദീകരണം ഉണ്ടായിട്ടില്ല.
p >
ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ലണ്ടനില്‍ ഇറക്കി എന്ന് ആദ്യം ട്വീറ്റ് ചെയ്ത എയര്‍ ഇന്ത്യ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ എയര്‍ഇന്ത്യ വിമാനത്തിന് അകമ്പടിയായി സഞ്ചരിച്ചോ എന്ന കാര്യത്തിലും ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
ലണ്ടനും കടന്ന് അയര്‍ലന്‍ഡിന് സമീപം എത്തിയ വിമാനം അവിടെ നിന്നും പെട്ടെന്ന് ലണ്ടനിലേക്ക് തിരിച്ചു വിടുകയായിരുന്നുവെന്നാണ് വിമാനത്തിന്‍റെ റഡാര്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. മുന്‍കരുതലെന്ന നിലയില്‍ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്ന കാര്യം വ്യക്തമല്ല.