പ്രളയം , കെയർഹോം പദ്ധതിവഴി തൃശൂർ ജില്ലയിൽ 370 വീടുകൾ കൈമാറി
തൃശൂർ : പ്രളയദുരന്തത്തിൽ വീട് നഷ്ടമായവർക്ക് വീട് നിർമ്മിച്ച് നൽകാൻ സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച കെയർഹോം പദ്ധതിവഴി തൃശൂർ ജില്ലയിൽ ഇത് വരെ നിർമ്മിച്ച് നൽകിയത് 370 വീടുകൾ. വിവിധ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പണിപൂർത്തികരിച്ച 370 വീടുകളുടെ താക്കോൽ ഉടമസ്ഥർക്ക് കൈമാറി. സംസ്ഥാനത്ത് പ്രളയദുരന്തം ഏറെ ബാധിച്ച തൃശൂർ ജില്ലയിൽ 500 വീടുകളാണ് കെയർ ഹോം പദ്ധതിയിലൂടെ നിർമ്മിക്കുന്നത്. ശരാശരി 500 ചതുരശ്ര അടിയിൽ അഞ്ച് ലക്ഷം രൂപ ചെലവിലാണ് വീടുകൾ നിർമ്മിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുളള 95100 രൂപയ്ക്ക് പുറമേയുളള തുക സഹകരണസ്ഥാപനങ്ങൾ കണ്ടെത്തിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. മലയോരപ്രദേശങ്ങളിൽ 101900 രൂപയാണ് സിഎംഡിആർഎഫിൽ നിന്നും അനുവദിച്ചത്.
സംസ്ഥാനത്ത് തൃശൂർ താലൂക്കിലാണ് കെയർ ഹോം പദ്ധതി വഴി ഏറ്റവുമധികം വീടുകൾ നിർമ്മിക്കുന്നത്. 132 വീടുകളാണ് തൃശൂർ താലൂക്കിൽ മാത്രമാണുളളത്. ഇതിൽ 93 വീടുകൾ പൂർത്തിയാക്കി താക്കോലുകൾ കൈമാറി. ചാലക്കുടിയിൽ 118 വീടുകളിൽ 91 വീടുകൾ പൂർത്തീകരിച്ച് ഉടമസ്ഥർക്ക് നൽകി. കൊടുങ്ങല്ലൂരിൽ 92 വീടുകളിൽ 79 ഉം മുകുന്ദപുരത്ത് 85 വീടുകളിൽ 78 ഉം ചാവക്കാട് 39 വീടുകളിൽ 10 ഉം തലപ്പിളളി 30 വീടുകളിൽ 17 ഉം കുന്നംകുളത്ത് 4 വീടുകളിൽ 2 ഉം ഉൾപ്പെടെ 370 വീടുകളാണ് കെയർ ഹോം പദ്ധതിയിലൂടെ ദുരിതാബാധിതർക്ക് ലഭിച്ചത്.
വീടുകളുടെ താക്കോൽ കൈമാറ്റ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞ ദിവസം ചാലക്കുടിയിൽ സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിച്ചു. 67 വീടുകളുടെ താക്കോലാണ് അന്ന് അദ്ദേഹം കൈമാറിയത്. നിശ്ചയിച്ച 500 ചതുരശ്ര അടിക്ക് പുറമേ ഉടമസ്ഥരുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് വീടുകൾ വിപുലപ്പെടുത്താനും കെയർ ഹോം പദ്ധതിയിൽ സൗകര്യമുണ്ട്. വിപുലപ്പെടുത്തതിനുളള ചെലവ് ഉടമസ്ഥർ വഹിക്കണമെന്ന് മാത്രം. ഇത്തരത്തിൽ ചിലയിടങ്ങളിൽ രണ്ട് നില വീടുകൾ വരെ പദ്ധതിയിലൂടെ പൂർത്തിയാക്കി. ചതുപ്പ് നിലങ്ങളിലുളള വീടുകൾക്ക് പ്രത്യേക അഭ്യർത്ഥന പ്രകാരം 7 ലക്ഷം രൂപ കൂടുതൽ അനുവദിച്ചു. 16 വീടുകളുടെ തറനിർമ്മാണത്തിനാണ് ഇത്തരത്തിൽ തുക അനുവദിച്ചത്.
ജില്ലയിലെ 500 വീടുകളിൽ താക്കോൽ നൽകിയ 370 വീടുകൾ കഴിഞ്ഞ് ബാക്കി 130 വീടുകളുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിൽ 81 വീടുകളുടെ മേൽകൂര വാർത്ത് കഴിഞ്ഞു. 14 വീടുകൾ ലിന്റിൽ ഉയരത്തിലെത്തി. ബാക്കി വീടുകളുടെ തറനിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു. തണ്ണീർത്തട നിയമപരിധി, കൂട്ടഅവകാശതർക്കം തുടങ്ങിയവയാണ് വീടുകളുടെ നിർമ്മാണത്തിന് തടസ്സമാകുന്നത്. കെയർ ഹോം പദ്ധതിയുടെ ആദ്യഘട്ടത്തിൽ 460 വീടുകളാണ് കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിക്കാൻ ഏറ്റെടുത്തത്. പിന്നീട് ജില്ലാ കളക്ടറുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം 40 വീടുകളുടെ കൂടി ചേർക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ഏറ്റെടുത്ത മിക്കവാറും വീടുകളുടെ പണി പൂർത്തീകരിച്ച് കഴിഞ്ഞു. ബാക്കിയുളള വീടുകൾ ഓണത്തിന് മുൻപ് പൂർത്തീകരിച്ച് താക്കോൽ കൈമാറാനുളള ഒരുക്കത്തിലാണ് സഹകരണ വകുപ്പ് അധികൃതർ.