കടപ്പുറം പഞ്ചായത്തിൽ രൂക്ഷമായ കടലാക്രമണം , നിരവധി വീടുകൾ വെള്ളക്കെട്ടിലായി
ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈകീട്ടുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി.തീരദേശ റോഡിന് പടിഞ്ഞാറു ഭാഗം കടലിനോടു ചേര്‍ന്ന അമ്പതോളം വീടുകളാണ് കരയിലേക്കു തിരയടിച്ചുകയറിയതിനെ തുടര്‍ന്ന് വെള്ളക്കെട്ടിലായത്.ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറി.മുനക്കകടവ് മുതല്‍ തൊട്ടാപ്പ് വരെയുള്ള കടല്‍ഭിത്തി തകര്‍ന്ന പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.
അഴിമുഖം, ഇക്ബാല്‍ നഗര്‍, സെന്റര്‍ കോളനി, മുനക്കകടവ്, ആനന്ദവാടി, മാളൂട്ടി വളവ്, ആശുപത്രിപടി, മൂസാ റോഡ്,അഞ്ചങ്ങാടി വളവ്, ഞോളി റോഡ്,വെളിച്ചെണ്ണപ്പടി എന്നിവിടങ്ങളിലെ കടല്‍ഭിത്തി തകര്‍ന്ന ഭാഗങ്ങളിലുടെ കടല്‍ തിരയടിച്ചുകയറി വീടുകള്‍ക്കു ചുറ്റും വെള്ളക്കെട്ടുണ്ടായി.ചില വീടുകളുടെ അകത്തേക്കും വെള്ളം കയറി.തകര്‍ന്ന കടല്‍ഭിത്തികള്‍ക്കു മുകളിലൂടെ ആര്‍ത്തലച്ചെത്തിയ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി പലയിടത്തും കടല്‍വെള്ളം തീരദേശ റോഡ് കവിഞ്ഞൊഴുകി.മൂസാറോഡ് ഭാഗത്ത് വെളളത്തോടൊപ്പം വന്ന മണല്‍ റോഡില്‍ നിറഞ്ഞു.അഞ്ചങ്ങാടി വളവില്‍ അറപ്പത്തോട് തുറന്ന് കടല്‍വെള്ളം കിഴക്കോട്ടു ചേറ്റുവ പുഴയിലേക്കു വിടുന്നുണ്ടെങ്കിലും അറപ്പത്തോടില്‍ പല ഭാഗത്തും തടസങ്ങളുള്ളതിനാല്‍ വെള്ളം കാര്യമായി ഒഴുകിപോകാത്ത സ്ഥിതിയുമുണ്ട്.വെളിച്ചെണ്ണപ്പടിയില്‍ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് റോഡ് വെട്ടിപൊളിച്ച് കരയിലേക്കു കയറിയ വെള്ളം കിഴക്കുഭാഗത്തേക്കു തോട്ടിലേക്കു വിടാനുള്ള സൗകര്യമൊരുക്കിയത് ഈ മേഖലയിലെ വെള്ളക്കെട്ടിന് അല്‍പ്പം ആശ്വാസമായി.