സി.കെ. കുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ: തീവ്ര ദേശീയതയിലൂന്നിയ പ്രാകൃത മനോഭാവക്കാരുടെ വിജയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെ ന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. സി.പി.എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സി.കെ. കുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവൻ. തീവ്രഹിന്ദുത്വ വികാരത്തിൻറെ അടയാളങ്ങൾ കോർപ്പറേറ്റുകളുടെ സഹായത്തോടെ രാഷ്ട്രീയത്തിലേക്ക് കടത്തി വിട്ടതിൻറെ വിജയമാണ് ഇപ്പോൾ കാണുന്നത്. ബി.ജെ.പിക്കെതിരെ ചിന്തിക്കുന്ന 63 ശതമാനം പേരെ ഏകോപിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. രാജ്യത്ത് ഇടത് പക്ഷം ശക്തമല്ല എന്നത് ഇതിനൊരു കാരണമാണ്. എന്നാൽ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് നേതൃതലത്തിൽ സംഭവിച്ച വീഴ്ചയാണ് പ്രതിപക്ഷ ഐക്യം രൂപപ്പെടാതെ പോകാൻ പ്രധാന കാരണമെന്നും വിജയരാഘവൻ പറഞ്ഞു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ, ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, ജില്ല കമ്മറ്റി അംഗം സി. സുമേഷ്, ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ, ടി.ടി. ശിവദാസൻ, കെ.ടി. ഭരതൻ, ഷീജ പ്രശാന്ത്, എം.ആർ. രാധാകൃഷ്ണൻ, എ.എച്ച്. അക്ബർ, ജി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.