ഗുരുവായൂർ ക്ഷേത്ര നട വിവാഹപാർട്ടിക്കാർ കയ്യടക്കി , തിരക്കിൽ പെട്ട് ഭക്തർ വലഞ്ഞു .
ഗുരുവായൂര്‍: വൈശാഖ മാസത്തിൽ ഏറ്റവും നല്ല മുഹൂർത്തമുള്ള ഞായറാഴ്ച ക്ഷേത്ര സന്നിധിയിൽ നടന്നത് 177 വിവാഹങ്ങൾ. ദർശനത്തിനും ഭക്തരുടെ വൻ തിരക്കനുഭവപ്പെട്ടു. വിവാഹ തിരക്കും ദർശന തിരക്കും ഒത്തുചേർന്നതോടെ ക്ഷേത്ര നട ജനനിബിഡമായി . തിരക്ക് മുൻകൂട്ടി കണ്ടു ഭക്തരെ നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ജീവനക്കാരെ ഡ്യൂട്ടിക്കിടാൻ ദേവസ്വം അധികൃതർ തയ്യാറായില്ല . ഇത് കാരണം തിരക്കിൽ അകപ്പെട്ട് ഭക്തർ ഏറെ വലഞ്ഞു . വിവാഹ ഫോട്ടോ ഗ്രാഫർമാരുടെ വിളയാട്ടം പുറത്ത് നിന്ന് ഭഗവാനെ തൊഴുന്നവരെ പോലും ബുദ്ധിമുട്ടിലാക്കി
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർക്ക് വെറും കാഴ്ചക്കാരുടെ റോൾ മാത്രമാണ് ഉണ്ടായിരുന്നത് . ക്ഷേത്രത്തിന്റെ സുരക്ഷാ മാത്രമാണ് പോലീസിന്റെ ഉത്തരവാദിത്വം എന്ന നിലപാട് ആയിരുന്നു . ഇന്നർ റിങ് റോഡിലെ വൺവേ കർശനമാക്കാൻ പോലീസിനെ വിന്യസിച്ചതോടെ ഇന്നർ റിങ് റോഡിൽ കാര്യമായ വാഹന തടസം ഉണ്ടായില്ല . എന്നാൽ ഔട്ടർ റിങ് റോഡിൽ സ്ഥിതി ഏറെ ഗുരുതരമായിരുന്നു . റോഡിന്റെ ഇരു വശങ്ങളിലും വിവാഹ പാർട്ടിക്കാരുടെ ബസ് അടക്കമുള്ള വാഹനങ്ങൾ നിറുത്തിയിട്ടതോടെ ഗതാഗതം താറുമാറായി .ഉച്ചവരെ ഔട്ടർ റിങ് റോഡിൽ കനത്ത ഗതാഗത കുരുക്ക് ആയിരുന്നു . ഇത് നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസ് ഉണ്ടായിരുന്നില്ല എന്നത് സ്ഥിതി ഏറെ വഷളാക്കി .
കാന നിർമാണത്തിനായി റോഡിലുള്ള നിയന്ത്രണങ്ങളും പ്രധാന പാർക്കിങ് ഗ്രൗണ്ടുകൾ നിർമാണ പ്രവൃത്തികൾക്കായി അടഞ്ഞു കിടക്കുന്നതും ഗതാഗതക്കുരുക്ക് വർധിപ്പിച്ചു. . റോഡിൽ വാഹനം പാർക്ക് ചെയ്തവർക്കെല്ലാം പൊലീസ് പിഴ ശിക്ഷ വിധിച്ചെങ്കിലും പാർക്കിങ്ങിെൻറ സ്ഥല പരിമിതി പരിഹരിക്കാൻ അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടുമില്ല.
ഏറ്റവും വലിയ പാർക്കിങ് ഗ്രൗണ്ടായ ദേവസ്വത്തിെൻറ വേണുഗോപാൽ പാർക്കിങ്ങും നഗരസഭയുടെ ആന്ധ്ര പാർക്കും ബഹുനില പാർക്കിങ് സമുച്ചയ നിർമാണത്തിനായി അടച്ചിട്ടിരിക്കുകയാണ്. ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ വൺവേ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പാർക്കിങ് പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
അടച്ചിട്ടിരിക്കുന്ന പാർക്കുകൾ തുറക്കും വരെ പാർക്കിങ്ങിന് ബദൽ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ അടുത്തു വരുന്ന തിരക്കുള്ള ദിവസങ്ങളിലും ദുരിതം തുടരും. അടുത്ത ഞായറാഴ്ചയും വിവാഹങ്ങൾ ഏറെയുണ്ട്. അതിന് പുറമെ അവധിക്കാലം അവസാനിക്കുന്നതിനാൽ ദർശനത്തിനും തിരക്കേറും