മുൻമന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു
കൊല്ലം : കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കരുണാകരന്‍, ആന്‍റണി മന്ത്രി സഭകളിലായി നാല് തവണ മന്ത്രിയും അഞ്ച് തവണ നിയമസഭാംഗവുമായിരുന്നു അദ്ദേഹം.
മൃതദേഹം കൊല്ലം ഡി.സി.സി ഓഫീസിലും ശേഷം വീട്ടിലും പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകീട്ട് നാലിന് കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.
കൊല്ലം, കുണ്ടറ എന്നീ മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ച അദ്ദേഹം വെദ്യുതി, വനം, എക്‌സൈസ്, ആരോഗ്യം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ആര്‍എസ്‌പിയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ കടവൂര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 1980-ലും 82-ലും ആര്‍എസ്പി പ്രതിനിധിയായാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസിലെത്തിയ അദ്ദേഹം കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന നേതാവായി മാറുകയും ചെയ്തു. അസംഘടിത തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക എന്നത് ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ കൊണ്ടുവന്ന നേതാവായിരുന്നു അദ്ദേഹം. കെ.കരുണാകരന്‍റെ വിശ്വസ്തനും ഐ ഗ്രൂപ്പിന്‍റെ പ്രധാന നേതാവായിരുന്നു കടവൂര്‍. 1991, 1996, 2001 എന്നിങ്ങനെ തുടര്‍ച്ചയായി 15 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം കൊല്ലം, കുണ്ടറ മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചു ജയിച്ചു.
കടവൂര്‍ ശിവദാസന്‍റെ നിര്യാണത്തില്‍ ഉമ്മന്‍ചാണ്ടി അനുശോചിച്ചു
തൊഴില്‍ മന്ത്രി എന്ന നിലയില്‍ കടവൂര്‍ എടുത്ത തീരുമാനങ്ങള്‍ എങ്ങനെയെല്ലാം തൊഴിലാളികളെ സഹായിക്കാമെന്നത് തെളിയിക്കുന്നവയായിരുന്നെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.