റാഫേൽ : മോദി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി. കേസില്‍ പുതിയ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി. വാദം കേള്‍ക്കുന്ന തിയതി സുപ്രീംകോടതി പിന്നീട് തീരുമാനിക്കും. ചോര്‍ന്നു കിട്ടിയ രേഖകള്‍ പരിശോധിക്കാമെന്നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഹിന്ദു ദിനപത്രവും എഎന്‍ഐയും പുറത്തുവിട്ട രേഖകള്‍ റഫാല്‍ കേസില്‍ പരിഗണിക്കണോ എന്ന കാര്യത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുന്നത്. പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഈ മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകള്‍ പരിശോധിക്കരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. ഒപ്പം പ്രതിരോധരേഖകള്‍ക്ക് ഔദ്യോഗികരഹസ്യനിയമത്തിന്‍റെ പരിരക്ഷയുണ്ടെന്നായിരുന്നു കേന്ദ്രത്തിന്‍റെ മുഖ്യവാദം. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ വാദത്തിനാണ് ഇപ്പോള്‍ കനത്ത തിരിച്ചടി നേരിട്ടത്.
പ്രശാന്ത് ഭൂഷനാണ് സുപ്രീം കോടതിയില്‍ പുനപരിശോധനയ്ക്കായി ഹര്‍ജി സമര്‍പ്പിച്ചത്. പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാമെന്നും തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നുമാണ് ഇന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.
റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയില്‍ കേള്‍ക്കവെയാണ് പുതിയ രേഖകള്‍ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു.
രേഖകള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് കേസിലെ മുഖ്യഹര്‍ജിക്കാര്‍.