സോപാന സംഗീതത്തെ സങ്കീർണമാക്കി നശിപ്പിക്കരുത് : എൻ. രാധാകൃഷ്ണൻ നായർ
ഗുരുവായൂർ: സോപാന സംഗീതത്തെ സങ്കീർണമാക്കി നശിപ്പിക്കരുതെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ. കേൾവി സുഖത്തിനുവേണ്ടിയുള്ള വിട്ടു വീഴ്ചകൾ സോപാന സംഗീതത്തിലെ ശുദ്ധമായ നാട്ടുസൗന്ദര്യത്തെ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗീതാഗോവിന്ദം ട്രസ്റ്റ് സംഘടിപ്പിച്ച ജയദേവഗീതമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ നായർ. കർണാക സംഗീതം കലർത്തുമ്പോൾ സോപാന സംഗീതത്തിൻറെ തനിമ നഷ്ടപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി.
ഗീതാഗോവിന്ദം പുരസ്കാരം സോപാന സംഗീത റെക്കോർഡ് ജേതാവ് ഗുരുവായൂർ ജ്യോതിദാസിന് കൈമാറി. 90ാം ജന്മദിനം ആഘോഷിക്കുന്ന സോപാന സംഗീതാചാര്യൻ ജനാർദ്ദനൻ നെടുങ്ങാടി, കൃഷ്ണനാട്ടം വേഷം കലാകാരൻ പി. ദാമോദരൻ നായർ എന്നിവരെ ആദരിച്ചു. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് മുഖ്യാതിഥിയായി. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, വി. മുരളി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവൻ, ശ്രീദേവി ബാലൻ, ഡോ. കൃഷ്ണകുമാർ, ലിജിത് തരകൻ, വി. ബാലകൃഷ്ണൻ നായർ, ബാലൻ വാറനാട്ട്, പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.