Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ വറ്റിക്കുന്നത് മെയ് അവസാന വാരത്തിലേക്ക് മാറ്റി

ഗുരുവായൂര്‍: ഈ മാസം അഞ്ചിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണികിണര്‍ വറ്റിയ്ക്കാന്‍ തീരുമാനിച്ചത്, അടുത്ത മാസം അവസാന വാരത്തിലേയ്ക്ക് മാറ്റിവെയ്ക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. ഈ മാസം അഞ്ചിന് മണികിണര്‍ വറ്റിച്ചാല്‍, കുറഞ്ഞത് 15-ദിവസത്തേയ്ക്ക് മണികിണറിന് പുറത്തുനിന്നും വെള്ളം എടുക്കേണ്ടിവരുമെന്നും, അതുമൂലം വഴിപാടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും കീഴ്ശാന്തി പ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഭരണസമിതി യോഗം തീരുമാനം മാറ്റിയത്. ഇതോടൊപ്പം തന്നെ കിണര്‍ വറ്റിയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വശങ്ങളും യോഗം വിശദമായി ചര്‍ച്ചചെയ്തു. ഭൂഗര്‍ഭ ജലലഭ്യതിയില്‍ ഉണ്ടാകാനിടയുള്ള കുറവും, വളരെ ചൂടുള്ള നിലവിലെ കാലാവസ്ഥയും കണക്കിലെടുത്താണ് മെയ് അവസാന വാരത്തില്‍ കാലവര്‍ഷത്തിന് മുന്നോടിയായി ക്ഷേത്രം മണികിണര്‍ വറ്റിയ്ക്കാന്‍ ഭരണസമിതി തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ മണികിണര്‍ വറ്റിയ്ക്കാന്‍ തീരുമാനിച്ച ഈ മാസം അഞ്ചിന്, ക്ഷേത്രത്തില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ദര്‍ശന നിയന്ത്രണം ഒഴിവാക്കുവാനും യോഗം തീരുമാനിച്ചു. ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭരണസമിതി അംഗങ്ങള്‍, ക്ഷേത്രം കീഴ്ശാന്തിമാര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

First Paragraph  728-90