Header 1 vadesheri (working)

സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക 28 മുതൽ സമർപ്പിക്കാം

Above Post Pazhidam (working)

തൃശൂർ : തൃശൂർ മണ്ഡലത്തിലേക്കുളള നാമനിർദേശ പത്രിക മാർച്ച് 28 മുതൽ ഏപ്രിൽ നാല് വരെ വരണാധികാരിയായ തൃശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ സ്വീകരിക്കും. പൊതു അവധി ഒഴികെ ദിവസവും രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ പത്രിക സമർപ്പിക്കാം. പത്രിക സ്വീകരിക്കുന്നതിനായി സഹവരണാധികാരിയായ എൽ.ആർ ഡെപ്യൂട്ടി കളക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് രാവിലെ 11 മണിക്ക് നടത്തും. ഏപ്രിൽ എട്ട് വൈകീട്ട് മൂന്നു മണി വരെ പത്രിക പിൻവലിക്കാവുന്നതാണ്. നാമനിർദേശ പത്രിക മാർച്ച് 28 മുതൽ വരണാധികാരിയുടെ ഓഫീസിൽനിന്ന് ലഭിക്കും.
പത്രിക സമർപ്പിക്കുന്ന ദിവസത്തിന് മുമ്പു തന്നെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാർഥികൾ ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതാണെന്ന് വരണാധികാരി അറിയിച്ചു. തെരഞ്ഞെടുപ്പ് ചെലവ് ഈ അക്കൗണ്ടിലൂടെ മാത്രം നടത്തേണ്ടതാണ്. പ്രസ്തുത ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരം സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് വരണാധികാരിയെ അറിയിക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച വിവരം തെരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസറായ തൃശൂർ ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ മുമ്പാകെ നിയമാനുസൃതം സമർപ്പിക്കേണ്ടതാണ്. പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.
പത്രികാ സമർപ്പണത്തിനായി വരണാധികാരി മുമ്പാകെ സ്ഥാനാർഥിയടക്കം അഞ്ചു പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. പത്രികാ സമർപ്പണത്തിനായി എത്തുന്ന സ്ഥാനാർഥികളുടെ വാഹനങ്ങളിൽ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റർ പരിധിക്കുള്ളിൽ പ്രവേശനമുള്ളൂവെന്നും അറിയിച്ചു.

First Paragraph Rugmini Regency (working)