ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ തള്ളി കെ.വി തോമസ്
ന്യൂഡല്‍ഹി: താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p >
എറണാകുളം ലോക്‌സഭാ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് കെ.വി തോമസ് പാര്‍ട്ടിയുമായി ഉടക്കിയെന്നും ബി.ജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി അദ്ദേഹത്തെ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കെ.വി തോമസ് വിശദീകരണവുമായി രംഗത്തെത്തിയത്.
പാര്‍ട്ടിയില്‍ എല്ലായ്‌പ്പോഴും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്ന ആളാണ് താന്‍. എന്നാല്‍ ഇത്തവണ പ്രത്യേക സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ പുറത്ത് പറയേണ്ടി വന്നു. അതാണ് ചര്‍ച്ചയായത്. കെ.വി തോമസ് പറഞ്ഞു.
എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്.പദവികളല്ല പ്രശ്‌നം. വിഷമിപ്പിച്ചത് പാര്‍ട്ടിയുടെ സമീപനമാണ്. ആര് സ്ഥാനാര്‍ഥിയായാലും എറണാകുളത്ത് ജയിക്കും. എറണാകുളം പാര്‍ട്ടിയുടെ കോട്ടയാണ്.
പാര്‍ട്ടി ഏത് പദവി ഏല്‍പ്പിച്ചാലും സ്വീകരിക്കും. പറഞ്ഞു തീര്‍ത്തപ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിച്ചു. ഞാന്‍ അടിസ്ഥാന പരമായി കോണ്‍ഗ്രസുകാരനാണ്. മറ്റ് പാര്‍ട്ടികളിലെ നേതാക്കളുമായി ബന്ധമുണ്ട്. അത് രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് ലഭിക്കുന്നതാണ്. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസ് തന്നോട് വലിയ കരുതല്‍ കാട്ടിയിട്ടുണ്ടെന്നും ഹൈബി ഈഡനായി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ.വി തോമസ് വ്യക്തമാക്കി.
ഇതിനിടെ മുതിര്‍ന്ന നേതാവ് കെ.വി തോമസിന് സീറ്റ് നല്‍കാന്‍ ഉദ്ദേശമില്ലായിരുന്നെങ്കില്‍ അത് അദ്ദേഹത്തെ നേരത്തെ അറിയിക്കണമായിരുന്നുവെന്ന് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു . അതിലുള്ള മാനസിക പ്രയാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അല്ലാതെ ബി.ജെ.പിയിലേക്ക് പോകാന്‍ കെ.വി തോമസ് ടോം വടക്കനല്ലന്നും സുധാകരന്‍ പറഞ്ഞു.
കെ.വി തോമസ് ബി.ജെ.പിയിലേക്ക് പോകും എന്ന രീതിയിലുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.