ഗുരുവായൂർ ക്ഷേത്ര നടയിലെ ദുരിതാശ്വാസ ഭണ്ഡാരത്തിൽ നിന്നും ലഭിച്ചത് 82023 രൂപ
ഗുരുവായൂർ : പ്രളയ ദുരിത ബാധിതർക്ക് കൈതാങ്ങാവാനായി ഗുരുവായൂർ ദേവസ്വം സ്ഥാപിച്ച ഭണ്ഡാരത്തിൽ നിന്ന് അഞ്ച് മാസം കൊണ്ട് ലഭിച്ചത് വെറും 82023 രൂപ . ഇന്ത്യൻ രൂപക്ക് പുറമേ 60 യുഎസ്. ഡോളറും 30 ഖത്തർ റിയാലും ഉണ്ടായിരുന്നു. സ്വാമി ശരണം എഴുതിയ കെട്ടുകണക്കിന് കടലാസും ലഭിച്ചു . ഡെപ്യൂട്ടി തഹസിൽദാരുടെ സാന്നിധ്യത്തിൽ ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർമാരായ ശങ്കുണ്ണി രാജൻ , ശങ്കർ ,മാനേജർ ടി രാധിക എന്നിവർ ചേർന്നാണ് ഭണ്ഡാരം തുറന്നത് എണ്ണാൻ നേതൃത്വം കൊടുത്തത് .
ദേവസ്വം കോൺഫ്രാൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഡെപ്യൂട്ടി തഹസിൽദാർ ടി.കെ.ഷാജി, സീനിയർ ക്ലർക്ക് കെ.എം.രമേശ് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, ഉഴമലയ്ക്കൽ വേണുഗോപാൽ, കെ.കെ.രാമചന്ദ്രൻ, എം.വിജയൻ, അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ സന്നിതരായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപം ദേവസ്വം ഭണ്ഡാരം സ്ഥാപിച്ചത്. നേരത്തെ ദേവസ്വം വകയായി അഞ്ച് കോടിയും ജീവനക്കാരുടെ വകയായി 27 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഇതിന് പുറമേയാണ് ഭക്തരിൽ നിന്ന് സംഭാവന സ്വരൂപിക്കുന്നതിനായി ഭണ്ഡാരം സ്ഥാപിച്ചത്.ക്ഷേത്ര സന്നിധിയിലെ ഭണ്ഡാരങ്ങൾ ഒരു മാസം തികയും മുൻപേ നിറയുമെന്നിരിക്കെയാണ് അഞ്ചു മാസത്തിലധകം സമയം ഉണ്ടായിട്ടും ഒരു ലക്ഷം രൂപ പോലും ദുരിതാശ്വാസ ഭണ്ഡാരത്തിൽ വീഴാതെ പോയത് ഭക്തർ വേണ്ടത്ര സഹകരിക്കാത്തത് കൊണ്ട് കൂടിയാണ് .