ഗുരുവായൂരിൽ ഉത്സവബലി ,സപ്ത മാതൃക്കൾക്ക് ബലി തൂവി
ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഞായറഴ്ച ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. താന്ത്രിക ചടങ്ങുകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും, ദൈര്‍ഘ്യമേറിയതുമായ ഉത്സവബലിയാണ് പതിനയിരകണക്കിന് ഭക്തജനങ്ങളെ സാക്ഷിനിര്‍ത്തി പര്യവസാനിച്ചത്. ക്ഷേത്രത്തിനകത്തെ എല്ലാ ദേവി-ദേവന്‍മാര്‍ക്കും, ഭൂതഗണങ്ങള്‍ക്കും പൂജാവിധിയോടെ ഹവിസ് തൂകുന്ന ചടങ്ങാണ് ഉത്സവബലി. ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.
രാവിലെ പന്തീരടീപൂജ നടതുറന്ന ശേഷം നാലമ്പലത്തിനകത്തെ ചെറിയബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങാരംഭിച്ചു. നാല് പ്രദക്ഷിണം കഴിഞ്ഞ് രണ്ടരമണിക്കൂര്‍ സമയത്തിന് ശേഷമാണ് ക്ഷേത്രത്തിനകത്തെ തെക്കേ ബലിക്കല്ലില്‍ സപ്തമാതൃത്തള്‍ക്ക് ബലിതൂവല്‍ ചടങ്ങാരംഭിച്ചത്. സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിച്ചുവെച്ച ഭഗവാന്റെ തങ്കതിടമ്പിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സപ്തമാതൃക്കള്‍ക്ക് ബലിതൂവല്‍ ചടങ്ങ് നടന്നത്. ഈ സമയം അവിടെ മുപ്പത്തി മുക്കോടി ദേവഗണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും, ഈ സമയത്ത് ദര്‍ശനം നടത്തുന്നത് പുണ്യമാണെന്നും വിശ്വസിച്ചുവരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്നാണ് സ്വര്‍ണ്ണഗോപുരത്തിനരികിലെ വലിയ ബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങ് നടന്നത്. ഉത്സവബലി ദര്‍ശനത്തിന് പതിനായിരങ്ങളാണ് ഭഗത്ദര്‍ശനസാഫല്യം നേടി ഗുരുപവനപുരിയിലെത്തി ആത്മസായൂജ്യമടഞ്ഞത്. എട്ടാം വിളക്കുദിവസത്തിൽ ഗുരുവായൂരില്‍ പക്ഷിമൃഗാദികള്‍ ഉള്‍പ്പടെ ആരുംതന്നെ പട്ടിണികിടക്കരുതെന്ന വിശ്വാസത്തില്‍ എല്ലാവര്‍ക്കും അന്നം നല്‍കുന്ന ചടങ്ങുകൂടിയ ദിവസമായിരിന്നു ക്ഷേത്രത്തില്‍. സന്ധ്യക്ക് 12-ഇടങ്ങഴി അരിവെയ്ച്ച നിവേദ്യം പക്ഷിമൃഗാദികള്‍ക്കായി ചെമ്പ് വട്ടകയിലാക്കി മാറ്റിവച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഉത്സവബലി ചടങ്ങ് ദര്‍ശിക്കാന്‍ ഭക്തജനസഹസ്രം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് പുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുവന്നിരുന്ന കലാപരിപാടികളും, ദേശപകര്‍ച്ചയും അവസാനിച്ചു.