ഗുരുവായൂരില്‍ സ്വര്‍ണ്ണക്കോലം എഴുന്നെള്ളിച്ചു, ഉത്സവബലി ഞായറാഴ്ച
ഗുരുവായൂര്‍: ക്ഷേത്രോത്സവം ആറാം ദിവസമായ വെള്ളിയാഴ്ച കാഴ്ചശീവേലിയ്ക്ക് സ്വര്‍ണക്കോലം
എഴുന്നള്ളിച്ചു. ഉച്ചതിരിഞ്ഞ് നടന്ന കാഴ്ചശീവേലിക്കാണ് സവിശേഷമായ സ്വര്‍ണക്കോലം എഴുന്നള്ളിച്ചത്. എഴുന്നെള്ളിപ്പിന് ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ സ്വര്‍ണ്ണക്കോലമേറ്റി. കൊമ്പന്മാരായ രവികൃഷ്ണനും, ചെന്താമരാക്ഷനും പറ്റാനകളായി. തിരുവല്ല രാധാകൃഷ്ണന്‍റെയും, ചൊവ്വല്ലൂര്‍ മോഹനന്‍റെയും നേതൃത്വത്തില്‍ പഞ്ചാരി മേളം അകമ്പടിയായി. രാത്രിയിലും സ്വര്‍ണ്ണക്കോലമെഴുന്നെള്ളിച്ചു.
ഇനി ഉത്സവ സമാപനം വരെ കാഴ്ചശീവേലിയ്ക്ക് സ്വര്‍ണ്ണക്കോലമാണ് എഴുന്നെള്ളിക്കുക. ഉത്സവത്തിനു പുറമെ ഏകാദശി, അഷ്ടമിരോഹിണി ദിവസങ്ങളിലുമാണ് സ്വര്‍ണക്കോലമെഴുന്നള്ളിക്കുന്നത്. ഉത്സവത്തിന്‍റെ എട്ടാം വിളക്ക് ദിവസമായ ഞായറാഴ്ച അതിപ്രധാനമായ ഉത്സവബലി നടക്കും. അദൃശ്യ ദേവതകളെ മന്ത്രപുരസരം ക്ഷണിച്ച് പൂജയും നിവേദ്യവും സമര്‍പ്പിക്കുന്നതാണ് ചടങ്ങ്. രാവിലെ ശീവേലിക്കും പന്തീരടി പൂജക്കുശേഷം ഉത്സവബലിയാരംഭിക്കും. നാലമ്പലത്തിനകത്ത് 11ഓടെ സപ്തമാതൃക്കള്‍ക്ക് ബലിതൂവുന്ന സമയത്ത് ഗുരുവായൂരപ്പനെ എഴുന്നള്ളിച്ച് വയ്ക്കും. ഉത്സവബലി ദിവസം ദേശപകര്‍ച്ചയാണ്. പക്ഷിമൃഗാദികള്‍ പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. തിങ്കളാഴ്ച നടക്കുന്ന പള്ളിവേട്ടയും, ചൊവ്വാഴ്ച നടക്കുന്ന ആറാട്ടും ഉത്സവത്തിലെ പ്രധാന ചടങ്ങുകളാണ്. ആറാട്ടോടെയാണ് ഉത്സവത്തിന് കൊടിയിറങ്ങുക.