മോദി ചാരനോ ? റഫാൽ ഇടപാടിൽ മോദി ഔദ്യോഗിക രഹസ്യങ്ങൾ അനിൽ അംബാനിക്ക് ചോർത്തി നൽകി
ദില്ലി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരനും ചാരനുമായെന്ന ഗുരുതര ആരോപണം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോദി റഫാൽ ഇടപാടിന്‍റെ വിവരങ്ങൾ അനിൽ അംബാനിക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ആരോപണം. ഇത് തെളിയിക്കാൻ എയർ ബസ് ഉദ്യോഗസ്ഥന്‍റെ ഇ മെയിൽ സന്ദേശവും രാഹുൽ ഗാന്ധി പുറത്തുവിട്ടു.
റഫാൽ ഇടപാടിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ പുതിയ ട്വിസ്റ്റാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി റഫാൽ ഇടപാടുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ഫ്രാൻസ് പര്യടനത്തിന് പോയതിന് പത്ത് ദിവസം മുൻപ് അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഓഫിസിലെത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു എന്നതിന് ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രം തെളിവ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഈ സന്ദർശനം സ്ഥിരീകരിച്ച് എയർ ബസ് ഉദ്യോഗസ്ഥന്‍റെ ഇ മെയിൽ സന്ദേശം പുറത്തുവിടുന്നത്.
2015 മാർച്ച് അവസാനവാരമാണ് അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഏപ്രിൽ 9 മുതൽ 11 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലേക്ക് ഔദ്യോഗിക സന്ദർശനത്തിന് പോകുന്നുണ്ടെന്ന പ്രഖ്യാപനം പുറത്ത് വന്നതിന് ശേഷമായിരുന്നു ഇത്. റഫാൽ ഇടപാടിന്‍റെ അന്തിമ രൂപം തയ്യാറായി കരാർ ഒപ്പു വയ്ക്കപ്പെടുമെന്ന് നേരത്തേ അനിൽ അംബാനി അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ അനിൽ അംബാനി നേരത്തേ ഫ്രഞ്ച് ഉദ്യോഗസ്ഥരെ കാണാൻ പോയത്. അങ്ങനെയെങ്കിൽ അത്തരം വിവരങ്ങൾ അനിൽ അംബാനിക്ക് എവിടെ നിന്ന് കിട്ടി? മോദി ഇത്തരം വിവരങ്ങൾ അംബാനിക്ക് ചോർത്തി നൽകുകയായിരുന്നോ? എന്നീ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത്.