നടക്കാന്‍ വയ്യെന്ന് കുഞ്ഞനന്തന്‍; ജയിലിൽ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി
കൊച്ചി: ടി. പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. ജമ്യം അനവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇങ്ങനെ ചോദിച്ചത്.കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ചോദ്യം.
കുഞ്ഞനന്തന് നടക്കാന്‍ പോലും പറ്റില്ലെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു. ഏഴ് വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എത്ര നാള്‍ പരോള്‍ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലില്‍ നിരവധി തടവ് പുളളികള്‍ ഉണ്ടല്ലോ, നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്‌നമല്ലെന്നും നിരീക്ഷിച്ചു. എന്താണ് ശാരീരിക പ്രശ്‌നമെന്ന് കൃത്യമായി അറിയണമെന്ന് വിശദമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിവെച്ചു.
സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാല്‍ നാല് വര്‍ഷം തടവ് പൂര്‍ത്തിയാകുമ്പോള്‍ കുഞ്ഞനന്തന്‍ 389 ദിവസം പരോളിലാണെന്ന് ജയില്‍ രേഖകള്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ നിയമപ്രകാരമുള്ള പരോള്‍ മാത്രമാണ് കുഞ്ഞനന്തന് നല്‍കിയിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിനെ നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. തടവുകാരന് ചികിത്സ നല്‍കേണ്ടത് സര്‍ക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്ദന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. .
കഴിഞ്ഞ പത്ത് മാസത്തിനിടെ മാത്രം 214 തവണയാണ് കുഞ്ഞനന്ദന് പരോള്‍ ലഭിച്ചത്. വെള്ളിയാഴ്ച കുഞ്ഞനന്ദന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ ഇതിനെ എതിര്‍ത്ത് കൊണ്ട് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമയും രംഗത്തെത്തി. അസുഖമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടതെന്നും അതിനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്ത് കൊടുക്കുകയാണ് വേണ്ടതെന്നും കെ.കെ രമ പ്രതികരിച്ചു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ക്ക് ഇത്രയേറെ കാലം ഒരു സര്‍ക്കാര്‍ പരോള്‍ അനുവദിക്കുന്നത് ആദ്യമായിട്ടാവും. ചികിത്സ നല്‍കുന്നതിന് ആരും എതിരല്ല പക്ഷെ ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും കെ.കെ രമ പറഞ്ഞു.