ചാവക്കാട് തിരുവത്ര സ്വദേശിയുടെ 21 ലക്ഷം രൂപ വ്യാജ ഇമെയിൽ അയച്ച് നൈജീരിയൻ സംഘം തട്ടിയെടുത്തു
ഗുരുവായൂർ: വ്യാജ ഇ മെയില്‍ അയച്ച് നൈജീരിയൻ സംഘം ചാവക്കാട് തിരുവത്ര കാഞ്ഞിരപ്പറമ്പിൽ .ശശിയുടെ അക്കൗണ്ടില്‍ നിന്ന് 21 ലക്ഷം തട്ടിയെടുത്തു . ബാങ്ക് ഓഫ് ബറോഡയുടെ ഗുരുവായൂര്‍ ശാഖ വഴിയാണ് തട്ടിപ്പ് നടന്നത്. ഇവിടെ അക്കൗണ്ടുള്ള ശശിയുടെ ഇമെയില്‍ വിലാസം ഉപയോഗിച്ച് 21 ലക്ഷം രൂപ ബംഗളൂരുവിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇമെയില്‍ കണ്ട ബാങ്ക് മാനേജര്‍ പണം ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് നൽകി. തൻറെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതറിഞ്ഞ ശശി ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ബംഗളൂരിലെ അക്കൗണ്ട് ഉടമയെ മനസിലാക്ിയെങ്കിലും ആ അക്കൗണ്ടിൽ നിന്ന് തുക 14 അക്കൗണ്ടുകളിലേക്ക് പോയിരുന്നു. ഈ അക്കൗണ്ടുകളിലൊന്നിൻറെ ഉടമയായ അസം സ്വദേശി ദിവന്‍ സാസോനി എന്നയാളെ പൊലീസ് കഴിഞ്ഞ 22ന് അറസ്റ്റ് ചെയ്തു. തൻറെ എക്കൗണ്ടിലേക്ക്പണമെത്തിയ വിവരം ഇയാൾ അറിഞ്ഞിരുന്നില്ലത്രെ. തന്നെക്കൊണ്ട് ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ചത് നൈജീരിയൻ സ്വദേശികളാണെന്നും എ.ടി.എം കാർഡ് അവരുടെ കൈവശം തന്നെയാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. നൈജീരിയൻ സൈബർ തട്ടിപ്പ് സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിന് വ്യക്തമായി. പ്രതികൾക്കായി ബംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്. ഇത്രയും വലിയൊരു തുക ഇ മെയിൽ വഴി അയക്കുമ്പോൾ ഫോൺ വിളിച്ചു ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്വം ബാങ്ക് മാനേജർ കാണിച്ചില്ല എന്ന് ശശി ആരോപിച്ചു .