ഇരിങ്ങപ്പുറത്ത് സി പി എം പണിത വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു
ഗുരുവായൂർ : ഭവനരഹിതരായ ഒറ്റ കുടുംബങ്ങൾ പോലുമില്ലാതെ കേരളം രാജ്യത്തിന് മാതൃകയായി മാറുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോട്ടപ്പടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങപ്പുറം മാനന്തേടത്ത് രാധാകൃഷ്ണന് സി.പി.എം പ്രവർത്തകർ നിർമിച്ച് നൽകിയ വീടിൻറെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതി വഴി സംസ്ഥാനത്ത് എല്ലാവർക്കും വാസയോഗ്യമായ വീട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി എം.ക ൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ, ഗുരുവായൂർ ആക്ടിങ് ചെയർമാൻ കെ.പി. വിനോദ്, മുൻ നഗരസഭാധ്യക്ഷരായ പ്രഫ. പി.കെ. ശാന്തകുമാരി, ടി.ടി. ശിവദാസൻ, സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം സി. സുമേഷ്, ലോക്കൽ സെക്രട്ടറി എ.എസ്. മനോജ് എന്നിവർ സംസാരിച്ചു.
13 ലക്ഷം രൂപ ചെലവിട്ടാണ് 750 ചതുരശ്ര അടി വിസ്തീർണമുള്ള വീടിൻറെ നിർമാണം പൂർത്തിയാക്കിയത്. ഭവനരഹിതർക്ക് പാർട്ടി വീട് വച്ച് നൽകണമെന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൻറെ തീരുമാനത്തിൻറെ ഭാഗമായാണ് ശരീരം തളർന്ന് ചികിത്സയിൽ കഴിയുന്ന രാധാകൃഷ്ണന് ലോക്കൽ കമ്മിറ്റി വീട് നിർമിച്ച് നൽകിയത്.