ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്, വിഴിഞ്ഞം പദ്ധതിയില്‍ ക്രമക്കേടില്ല : അന്വേഷണ കമ്മീഷന്‍.
തിരുവനന്തപുരം : ഏറെ വിവാദം ഉയർത്തിയ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടില്ലെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍. പദ്ധതി അദാനിക്ക് നല്‍കിയതില്‍ ക്രമക്കേടില്ല. പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും അന്വേഷണ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി ആരോപണം നേരിട്ട ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
വിഴിഞ്ഞം പദ്ധതിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെയും സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും തള്ളിക്കളയുന്നതാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. അഴിമതി ആരോപണം പലരും ഉന്നയിച്ചെങ്കിലും, അത് വസ്തുതകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ പറഞ്ഞു
സി.എ.ജി റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന കരാറിലെ പാളിച്ചകളെ കുറിച്ച് കമ്മീഷന്‍ വിശദമായി വിലയിരുത്തി. സംസ്ഥാന താല്‍പര്യം ലംഘിച്ചുവെന്ന പറയനാകില്ലെന്ന നിഗമനത്തിലാണ് കമ്മീഷന്‍ എത്തിയത്. ആഗോള ടെന്‍ഡറിലൂടെയാണ് സംരംഭകനെ കണ്ടെത്തിയത്. ഒരാള്‍ മാത്രമേ വന്നുള്ളൂ എന്നത് കരാര്‍ നല്‍കുന്നതിന് തടസമല്ല. പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ നഷ്ടമുണ്ടാകുമെന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ധാരണയുള്ള കാര്യമാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.
വിഴിഞ്ഞം പദ്ധതിയില്‍ സംസ്ഥാന താല്പര്യം ലംഘിക്കപ്പെട്ടെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ സര്‍ക്കാര്‍ നിയോഗിച്ചത്. വിഴിഞ്ഞം കരാര്‍ ഒപ്പിടുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. സി.എ.ജി റിപ്പോര്‍ട്ട് നിയമസഭാ സമിതിയുടെ പരിഗണനയിലിക്കുന്നതിനാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്താനിടയില്ല