ഗുരുവായൂർ ക്ഷേത്രത്തിൽ നെയ് വിളക്ക് ശീട്ടാക്കാൻ കൊടുത്ത തുക ക്ഷേത്ര ജീവനക്കാരൻ അടിച്ചു മാറ്റി.
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നെയ്യ്‌വിളക്ക് ശീട്ടാക്കാന്‍ നല്‍കിയ പണം വഴിപാട് നടത്താതെ ക്ഷേത്രം ജീവനക്കാരന്‍ ഭക്തസംഘത്തെ കബളിപ്പിച്ചതായ് ആക്ഷേപം. ഇക്കഴിഞ്ഞ കുചേലദിനത്തില്‍ പന്തീരടി പൂജകഴിഞ്ഞ് നടതുറന്ന സമയത്താണ് ഭക്തര്‍ വഴിപാട് നടത്താന്‍ നല്‍കിയപണം കീശയിലാക്കി ജീവനക്കാരന്‍ ഭക്തരെ കബളിപ്പിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ വഴിപാടുകള്‍ നടത്തുന്ന ഇ ന്ത്യയിലെ പ്രമുഖ വ്യവസാസിയുമായി അടുത്തബന്ധമുള്ള ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലെ വ്യക്തിയാണ് വഴിപാട് നടത്തി ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കാന്‍ ജീവനക്കാരനെ ചുമതലപ്പെടുത്തിയത്.
എന്നാല്‍ ഭക്തര്‍ നല്‍കിയ പണം ജീവനക്കാരന്‍ കീശയിലാക്കി ക്ഷേത്രത്തിനകത്തെ സ്വാധീനമുപയോഗിച്ച് പ്രത്യേക വരിയിലൂടെ കടത്തിവിടാതെ അയ്യപ്പക്ഷേത്രം വഴി വഴിപാട് നടത്തിയ ഭക്തരെ കടത്തിവിടുകയായിരുന്നു. നെയ്യ്‌വിളക്ക് ശീട്ടാക്കിയ ഭക്തര്‍ക്ക് ക്ഷേത്രം പ്രസാദകിറ്റ് സൗജന്യമായി വിതരണം ചെയ്യാറുണ്ട്. ക്ഷേത്രത്തിനകത്തെ നെയ്യ്‌വിളക്കുമായി ബന്ധപ്പെട്ട കാര്യത്തില്‍ കാര്യമായ ഗ്രാഹ്യമില്ലാത്ത തമിഴ് നാട്ടിലെ തിരു നെല്ലാറിൽ നിന്നും വന്ന ഭക്തസംഘം, തികഞ്ഞ സംതൃപ്തിയോടെ ദര്‍ശനവും കഴിഞ്ഞ് മടങ്ങി കച്ചവടക്കാരനരികിലെത്തി. പ്രസാദ കിറ്റ് അന്വേഷിച്ചപ്പോഴാണ് ഭക്തര്‍ കബളിപ്പിയ്ക്കപ്പെട്ടവിവിരം ഇയാള്‍ അറിയുന്നത്. സംഭവം അവതാളത്തിലായതറിഞ്ഞ ജീവനക്കാരന്‍, പുറംലോകം അറിയുന്നതിന് മുമ്പ് പടിഞ്ഞാറേ നടയിലെ വ്യക്തിയുടെ അടുത്ത് എത്തി ക്ഷമാപണം നടത്തി. വാങ്ങിയ പണം ഭണ്ഡാരത്തില്‍ നിക്ഷേപിച്ച് മാപ്പുപറയാമെന്നറിയിച്ച് തലയൂരുകയും ചെയ്തു.
ഈ വിഷയവുമായി ബന്ധപ്പെട്ട് വഴിപാട് ശീട്ടാക്കിയ ഭക്തരോ, വഴിപാട് ഏര്‍പ്പാടാക്കിയ വ്യക്തിയോ അധികാരികള്‍ക്ക് രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറാകാഞ്ഞത് ക്ഷേത്രം ജീവനക്കാരന് തുണയായി.. ഒട്ടനവധി ആക്ഷേപങ്ങള്‍ക്ക് വിധേയനായ ഈ ക്ഷേത്രം ജീവനക്കാരന്‍ ഇതിനുമുമ്പും കൃത്യവിലോപത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട വ്യക്തികൂടിയാണ്. ഗുരുവായൂര്‍ ദേവസ്വം ശ്രീകൃഷ്ണാ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ കായികാദ്ധ്യാപകന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് , കായിക പരിശീലനത്തിനെത്തിയ സ്‌ക്കൂളിലെ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് ജോലിയില്‍നിന്നും നീക്കംചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സജീവ സി.പി.എം പ്രവര്‍ത്തകനായ ഇയാള്‍ തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് വീണ്ടും ജോലിയില്‍ പ്രവേശിയ്ക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകനായ ഇയാള്‍ക്കുള്ള രാഷ്ട്രീയ സ്വാധീനത്താല്‍ സി.പി.എം നേതൃത്വം നല്‍കുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയും ഇക്കാര്യത്തില്‍ ഇയാളുടെ തുണയായെത്തിയെന്ന ആരോപണവും ഇപ്പോള്‍ ശക്തമായിരിയ്ക്കയാണ്. ഗുരുതരമായ ഈ കുറ്റകൃത്യം ചെയ്ത ഈ ജീവനക്കാരനെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കണമെന്ന് ഭക്തർ ആവശ്യപ്പെട്ടു .