സി എൻ ബാലകൃഷ്ണന് സാംസ്കാരിക നഗരിയുടെ വിട
തൃശൂര്‍: സി.എന്‍.ബാലകൃഷ്ണന് പ്രിയപ്പെട്ടവരുടെ മനസില്‍ ഇനി ഓര്മ. സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവരുടെ അന്തിമോപചാരം ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ ഭൗതികദേഹം പ്രിയതട്ടകമായ തൃശൂരിന്റെ മണ്ണിലൊരുക്കിയ ചിതയിലെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങുന്പോള്‍ കേരളരാഷ്ട്രീയത്തിലെ ഒരു യുഗത്തിനാണ് തിരശീല വീണത്. പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാവിലെ പത്തരയോടെ മകള്‍ മിനിയുടെ മകന് വിഷ്ണു ചിതയ്ക്ക് തീ കൊളുത്തി.
ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ സി.എന്‍.ബാലകൃഷ്ണന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലമായിരുന്ന തൃശൂരിലെത്തിച്ചത്. വഴിനീളെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് തൃശൂരിലെത്തിയത്. തൃശൂരില്‍ പൊതുദര്‍ശനത്തിനു വച്ച ടൗണ്‍ഹാളിലും ദീര്‍ഘകാലം പ്രവര്‍ത്തന കേന്ദ്രമായിരുന്ന തൃശൂര്‍ ഡിസിസി ഓഫീസിലും ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.
വൈകീട്ടോടെ അയ്യന്തോള്‍ ഉദയനഗറിലെ വസതിയിലേക്ക് മൃതദേഹമെത്തിച്ചപ്പോള്‍ രാത്രി വൈകിയും നിരവധി പ്രവര്‍ത്തകരും രാഷ്ട്രീയകക്ഷി ഭേദമന്യേ നേതാക്കളും അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരുന്നു. രാത്രി വൈകിയും ഇന്നുപുലര്ച്ചെയുമെല്ലാം നേതാക്കളടക്കം നിരവധിപേര്‍ ഉദയനഗറിലെത്തി.
മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, എ.സി.മൊയ്തീന്, കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എംപി, അനിൽ അക്കര എം എൽ എ , പി.സി.ചാക്കോ, ശോഭന ജോര്‍ജ്, ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി, മുന്‍ മന്ത്രിമാരായ കെ.ബാബു, പി.ജെ.ജോസഫ്, ഷിബു ബേബി ജോണ്‍, പി.കെ.ജയലക്ഷ്മി, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രസിഡന്റ് അലക്സാണ്ടര്‍ സാം, സെക്രട്ടറി എന്‍.ശ്രീകുമാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്, കോണ്‍ഗ്രസ് നേതാക്കളായ രാജ്മോഹന്‍ ഉണ്ണിത്താന്, ശൂരനാട് രാജശേഖരന് എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.