തൊയക്കാവ് സ്വദേശി , കാസർകോട് ട്രെയിനിൽ നിന്നും വീണു മരിച്ചു
ചാവക്കാട് : ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് മടങ്ങവെ കാസർഗോഡ് വച്ച് ഭര്‍ത്താവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു. വിവാഹവാര്‍ഷികാഘോഷം കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങവെ വെങ്കിടങ്ങ് തൊയക്കാവ് ഇറച്ചേം വീട്ടില്‍ ഇ.കെ മുഹമ്മദാലി (24) ആണ് മരിച്ചത്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ വെബ് ഡിസൈനറായ മുഹമ്മദാലി ഭാര്യ മുംബൈ സ്വദേശിനി താഹിറയ്‌ക്കൊപ്പം മുംബൈയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാത്രി 11.15 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം-നേത്രാവതി എക്‌സ്പ്രസിന്റെ എസ്3 സ്ലീപ്പര്‍ കോച്ചില്‍ നിന്നുമാണ് മുഹമ്മദാലി വീണുമരിച്ചത്. കാസർഗോഡ് കളനാട് തുരങ്കത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. എന്നാല്‍ മുഹമ്മദാലിയുടെ ഭാര്യ താഹിറ ഇക്കാര്യം അറിയാതെ കിലോമീറ്ററുകളോളം യാത്ര ചെയ്തു. കൈ കഴുകാന്‍ പോയതായിരുന്നു മുഹമ്മദാലി. മറ്റ് കംപാര്‍ട്ടുമെന്റുകളില്‍ പരിശോധിച്ചുവെങ്കിലും മുഹമ്മദാലിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് കങ്കനാടി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് ഒരാള്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചുവെന്ന വിവരം അറിഞ്ഞത്. രാത്രിയോടെ താഹിറ കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. 2017 നവംബര്‍ 26നായിരുന്നു മുഹമ്മദാലിയുടെയും താഹിറയുടേയും വിവാഹം. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഒരു മാസം മുമ്പാണ് തൃശൂരിലെത്തിയത്. മുഹമ്മദാലിയുടെ മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. റിഹാൻ, യാസർ, ഷാനവാസ് എന്നിവർ സഹോദരങ്ങളാണ്