പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് നടത്തി

">

തൃശൂര്‍: പട്ടികജാതി പട്ടികവര്‍ഗ്ഗകാര്‍ക്കുള്ള സഹായ ലഭ്യതയുടെയും സമീപനത്തിന്‍റെയും കാര്യത്തില്‍ തൃശൂര്‍ ജില്ല മറ്റ് ജില്ലകള്‍ക്ക് മാതൃകയാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ നടന്ന കമ്മീഷന്‍റെ ആദ്യ അദാലത്തിന് ശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് സ്റ്റേഷന്‍, ഭൂപട്ടയം സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ ഏറെയും ലഭിച്ചതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

പരാതികളിന്മേല്‍ ഗൗരവമനുസരിച്ച് നടപടികള്‍ എടുക്കുന്നില്ല. പോലീസ് സ്റ്റേഷനില്‍ നിന്ന് നീതി കിട്ടുന്നില്ല. പരാതികള്‍ സ്വീകരിക്കുന്നില്ല. പ്രതികളുടെ സ്വാധീനത്തിന് വഴങ്ങുന്നു. തുടങ്ങിയ പരാതികളാണ് പോലീസുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ലഭിക്കാറ്. ഇവിടെയും അത്തരത്തില്‍ അഞ്ച് കേസുകള്‍ പരാതികളായെത്തി. മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണിത്. ജില്ലയിലെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ എസ് സി എസ് ടി അട്രോസിറ്റി ആക്ട് അനുസരിച്ച് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. അട്രോസിറ്റി ആക്ട് അനുസരിച്ച് കേസെടുക്കാത്ത സംഭവങ്ങളില്‍ അവ ചേര്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്നിര്‍ദ്ദേശം നല്‍കും.

പട്ടയകാര്യത്തില്‍ വിവിധ പ്രശ്നങ്ങാളാണുളളത് പലര്‍ക്കും. ഭൂമിയുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ അറിവില്ല, പട്ടയരേഖയില്ല, ഇവര്‍ക്കായി നിയമസഹായവേദിയുടെ സഹായം തേടും. പലര്‍ക്കും സിവില്‍ കേസുകള്‍ നടത്തി കൊണ്ട് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട് . ഇത്തരം വിഷയങ്ങള്‍ കമ്മീഷന്‍റെ ശ്രദ്ധയിലുണ്ട് . ഇടപെടാന്‍ കഴിയുന്നിടത്ത് ഇടപെടും. കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി. ചോദിക്കാന്‍ ആരുമില്ലെന്ന അവസ്ഥയുളളതിനാലാണ് പട്ടികജാതി പട്ടികവര്‍ഗ്ഗകാര്‍ക്ക് നേരെയുളള അതിക്രമണങ്ങളും അവഗണനയും ഏറിവരുന്നത്. കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിന് വലിയ ആശ്വാസമാവുന്നുന്നെതാണ് അദാലത്തില്‍ എത്തുന്നവരുടെ ബാഹുല്യം വ്യക്തമാക്കുന്നത്.

ആദ്യദിനത്തില്‍ 95 കേസുകളാണ് പരിഗണിച്ചത് ഇതില്‍ 61 കേസുകള്‍ തീര്‍പ്പാക്കി. 29 കേസുകള്‍ വിവിധ റിപ്പോര്‍ട്ടുകള്‍ക്കും വിശദീകരണങ്ങള്‍ക്കും തുടരന്വേഷണങ്ങള്‍ക്കുമായി മാറ്റി വച്ചു. 31 പുതിയ പരാതികളും ആദ്യഅദാലത്തില്‍ ആദ്യദിനത്തില്‍ ലഭിച്ചു. അദാലത്തില്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ സ്വാഗതം പറഞ്ഞു. കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി, കമ്മീഷന്‍ അംഗം അഡ്വ. പി കെ സിജ, രജിസ്ട്രാര്‍ ജി തുളസീധരന്‍പിളള, അസിസ്റ്റന്‍റ ് രജിസ്ട്രാര്‍ കെ ഷീജ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. അദാലത്ത് നവംബര്‍ 28 സമാപിക്കും. 60 കേസുകള്‍ പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Sponsors