Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം മുൻ ഭരണ സമിതി അംഗം എൻ രാജു അടക്കം അഞ്ചു പേരെ പിരിച്ചു വിടുന്നു ?

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം മുൻ ഭരണ സമിതിയംഗം എൻ രാജു അടക്കം മതിയായ യോഗ്യത ഇല്ലാത്ത വൈദ്യുതി വിഭാഗത്തിലെ അഞ്ച് ജീവനക്കാരെ പിരിച്ചു വിടുന്നു . പിരിച്ചു വിടലിന്റെ മുന്നോടിയായായി പിരിച്ചു വിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് കഴിഞ്ഞ ദിവസം ദേവസ്വം ഇവർക്ക് കൈമാറി . രാജുവിനെ കൂടാതെ എ കെ ബാലകൃഷ്ണൻ ,കെ വി രാജൻ എന്നിവരും താല്ക്കാലിക ജീവനക്കാർ ആയ കെ ആർ വിനോദൻ ,പി ജയരാജ് എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് .

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഇവർക്കാർക്കും മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് കണ്ടെത്തിയിരുന്നു . സ്‌കൂൾ വിദ്യാഭ്യാസം പോലും ഇല്ലാത്ത എൻ രാജു അസിസ്റ്റന്റ് എൻഞ്ചിനീയരുടെ ശമ്പളത്തിന് തുല്യമായ ഗ്രേഡ് വൺ ഓവർസീയറുടെ തസ്തികയിലാണ് ജോലി ചെയ്ത് വരുന്നത് . എ കെ ബാലകൃഷ്ണൻ അസിസ്റ്റന്റ് ലൈൻ മാനും ,കെ വി രാജൻ സീനിയർ ഓപ്പറേറ്ററുമാണ് . മറ്റു രണ്ടു പേർ ഹെൽപ്പർ മാരും .

Astrologer

ഇന്ത്യന്‍ ഇലക്ട്രിസിറ്റി റൂള്‍സ് അനുസരിച്ച് മതിയായ യോഗ്യത ഇല്ലാത്ത ആളുകള്‍ ഉയര്‍ന്ന പോസ്റ്റില്‍ ജോലി ചെയ്യുന്നു എന്നാരോപിച്ച് ദേവസ്വം വൈദ്യുതി വിഭാഗത്തിലെ രണ്ടാം ഗ്രേഡ് ഓവര്‍സീയര്‍ ആയ കെ ഭവദാസ് ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജിയെ തുടർന്നാണ് പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത് . ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ എന്നതിനാൽ ഈ അഞ്ചു പേർക്കും കോടതിയെ സമീപിച്ചു അനുകൂല ഉത്തരവ് സമ്പാദിക്കുക എന്നത് അസാധ്യമാണ് എന്ന് നിയമ വിദഗ്ധരും ചൂണ്ടികാണിക്കുന്നു .

Vadasheri Footer