ക്ഷേത്ര നഗരി ഏകാദശി ലഹരിയിൽ , നവമി മുതൽ ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളും
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതല്‍ ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളും. രാത്രിവിളക്കെഴുന്നെള്ളിപ്പിന് നാലാംപ്രദക്ഷിണത്തി ലാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളുക. വര്‍ഷത്തില്‍ ക്ഷേത്രത്തില്‍ മൂന്ന് വിശേഷ ദിവസങ്ങളില്‍ മാത്രമാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളുക. ഉത്സവം ആറാംനാള്‍മുതല്‍ അഞ്ചുദിവസം, അഷ്ടമിരോഹിണി, പിന്നെ നവമി, ദശമി, ഏകാദശി ഉള്‍പ്പടെ എന്നീ മൂന്ന് ദിവസവും. ശ്രീകൃഷ്ണനഗരി ആഘോഷലഹരിയില്‍ തുടികൊട്ടുന്നു.
ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂരപ്പസന്നിധി ആഘോഷതിമര്‍പ്പിന്റെ ഉന്മാദലഹരിലാണ്. നാളെ നവമി നെയ്‌വിളക്കാണ്. വാതാലയേശന്റെ അകത്തളം നാളെ, നറുനെയ്യിന്റെ നിറശോഭയില്‍ വെട്ടിതിളങ്ങും. പഞ്ചാരിമേളത്തിന്റെയും, പഞ്ചവാദ്യത്തിന്റേയും മേളപെരുക്കത്തില്‍ വാതാലയേശന്റെ അകത്തളം ഉത്സവ ലഹരിതീര്‍ക്കുമ്പോള്‍, ഭക്തജനസഹസ്രം തികച്ചും ഉന്മാദത്തിലാണ്. 30-ദിവസം നീണ്ടുനില്‍ക്കുന്ന ഏകാദശീ വിളക്കില്‍ ഗജരത്‌നം പത്മനാഭനും, വലിയകേശവനും, ഇന്ദ്രസെനും തുടങ്ങി ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഒന്നാംനിര കൊമ്പന്മാര്‍ വിവിധ ദിവസങ്ങളില്‍ ഭഗവാന്റെ തങ്കതിടമ്പേറ്റിയുള്ള മൂന്നാനകളോടുകൂടിയ കാഴ്ച്ചശീവേലിക്ക്, മേളവാദ്യത്തിന്റെ കുലപതികള്‍ തീര്‍ക്കുന്ന പഞ്ചാരിമേളം ക്ഷേത്രത്തിനകത്ത് അരങ്ങു തകര്‍ക്കുകയാണ്. രാത്രിവിളക്കിന് പഞ്ചവാദ്യത്തിന്റെ താളലയവും ഏകാദശി മഹോത്സവത്തിന്റെ തിളക്കമേറ്റുന്നു. ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയെ വരവേല്‍ക്കാന്‍ ക്ഷേത്രവും, പരിസരവും ദീപാലങ്കാരപ്രഭയില്‍ മുഴുകി നില്‍ക്കുമ്പോള്‍, സൂര്യനസ്ഥമിക്കാത്ത ആധ്യാത്മിക നഗരിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ സംഗീത പാല്‍കടലൊരുക്കികൊണ്ടുള്ള സംഗീത കച്ചേരിയും ഏകാദശി മഹോത്സവ ത്തിന്കൊഴുപ്പേകുന്നു.
സംഗീതം, ജീവിത തപസ്യയാക്കിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണ പുതുക്കുന്നതിന് വേണ്ടി ഗുരുവായൂര്‍ ദേവസ്വം നടത്തിവരുന്ന 15-ദിവസം നീണ്ടുനില്‍ക്കുന്ന ”ചെമ്പൈ സംഗീതോത്സവം” 11-ദിവസം പിന്നിട്ടപ്പോള്‍ പാടിപതിഞ്ഞവരും, തുടക്കക്കാരുമായ 2000-ത്തോളം സംഗീതജ്ഞര്‍ ഇതുവരെ ഭഗവാന്റെ തിരുനടയില്‍ സംഗീതാര്‍ച്ചന നടത്തി. ഏകാദശിയോടുചേര്‍ന്ന ഇന്നലെ മുതല്‍ അഞ്ചുദിവസം ആകാശവാണിയും, ദൂരദര്‍ശനും സംഗീതോത്സവം നിശ്ചിത സമയങ്ങളില്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. തെന്നിന്ത്യയിലെ പ്രശസ്തരും, പ്രമുഖരുമായ നൂറിലേറെ സംഗീത കുലപതികള്‍ ഒരേ വേദിയില്‍ അണിനിരന്ന് പങ്കെടുക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ അതിപ്രധാനമായ ”പഞ്ചരത്‌ന കീര്‍ത്തനാലാപനം” ഞായറാഴ്ച്ച നടക്കും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി ഒരുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപന സംഗീത വിരുന്ന് അക്ഷരാര്‍ദ്ധത്തില്‍ ഭൂലോകവൈകുണ്ഠമായ ഗുരുപവനപുരിയെ സംഗീത തേന്‍കടലാക്കി മാറ്റും.
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ സ്മരണ പുതുക്കുന്നതിനായി ദേവസ്വത്തിലെ ഒട്ടുമുക്കാല്‍ ഗജസമ്പത്തുക്കളും അണിനിരക്കുന്ന ഗജഘോഷയാത്രയും ദശമി നാളായ ഞായറാഴ്ച്ച നടക്കും. തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്ര പാര്‍ത്ഥസാരഥി ക്ഷേത്രംവഴി ഗുരുവായൂര്‍ ക്ഷേത്ര നടയിലെത്തി കേശവന്റെ പ്രതിമക്കരുകിലെത്തി ആനകോട്ടയിലെ കാരണവര്‍ ഗജരത്‌നം പത്മനാഭന്‍ കേശവന്റെ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിക്കും. തുടര്‍ന്ന് ആനകള്‍ക്ക് ആനയൂട്ടും നടക്കും.