“ബെല്ലാരി രാജ” മുൻ മന്ത്രി ജനാർദന റെഡ്ഡിതട്ടിപ്പ് കേസിൽ അറസ്റ്റിൽ
ബംഗളൂരു: സാമ്പത്തിക തട്ടിപ്പ് കേസിൽ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ ജനാർദന റെഡ്ഡിയെയും സഹായി അലി ഖാനെയും സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൃത്യമായ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ജനാർദ്ദന റെഡ്ഡിയെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് അന്വേഷണ തലവൻ അലോക് കുമാർ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് ഒരു ദിവസം മുന്നേയാണ് അറസ്റ്റ്.
മന്ത്രിയായിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിന്ന് ഒഴിവാക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനായി ആംബിഡൻറ് ഗ്രൂപ്പ് ഉടമ സൈദ് ഫരീദ് അഹമ്മദിനോട് കോഴ കൈപ്പറ്റിയെന്നതാണ് കേസ്. നിക്ഷേപകരിൽ നിന്നും 600 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന കമ്പനിയാണ് ആമ്പിഡൻറ് ഗ്രൂപ്പ്.
കേസിൽ ക്രൈംബ്രാഞ്ച് ശനിയാഴ്ചയും ജനാർദ്ദന റെഡ്ഡിയെ ചോദ്യം ചെയ്തിരുന്നു. ചാമരാജ്പേട്ടിലെ സി.സി.ബി ഒാഫിസിൽ എ.സി.പി വെങ്കിടേഷ് പ്രസന്നയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. എന്നാൽ, പല ചോദ്യങ്ങളിൽ നിന്നും റെഡ്ഡി ഒഴിഞ്ഞു മാറുകയാണുണ്ടായത്.
തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അഭിഭാഷകനിലൂടെയും മാധ്യമങ്ങളിലൂടെയുമാണ് അറിയുന്നതെന്നും പണമിടപാട് സംബന്ധിച്ച് അറിവില്ലെന്നുമാണ് റെഡ്ഡി മൊഴി നൽകിയത്. ആംബിഡന്റ് കമ്പനി ഉടമ സൈദ് ഫരീദ് അഹമ്മദ് നൽകിയ െമാഴിയുടെ അടിസ്ഥാനത്തിൽ 20ഒാളം ചോദ്യങ്ങളാണ് അന്വേഷണസംഘം തയാറാക്കിയത്.
ഖനി അഴിമതിക്കേസിൽ അറസ്റ്റിലായ ജനാർദന റെഡ്ഡിക്ക് 2015ലാണ് ജാമ്യം അനുവദിക്കുന്നത്. കേസിനെ തുടർന്ന് ജന്മ നാടായ െബള്ളാരിയിൽ പ്രവേശിക്കരുതെന്നും സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. ജനാർദന റെഡ്ഡിക്കെതിരായ കേസ് കർണാടകയിൽ ബി.െജ.പിക്കും വലിയ തിരിച്ചടി നൽകുമെന്നാണ് റിപ്പോർട്ട്