നെയ്യാറ്റിൻകര കൊലപാതകം ,ഐ ജി എസ്. ശ്രീജിത്ത് അന്വേഷിക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കണമെന്ന കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയാണ് അന്വേഷണത്തിന് നിലവില്‍ നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഈ അന്വേഷണം മതിയാകില്ലെന്നും ഐ പി എസ് ഉദ്യോഗസ്ഥനെ അന്വേഷണം നേരിട്ട് ഏല്‍പിക്കണമെന്നുമായിരുന്നു സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം. അല്ലെങ്കില്‍ സമരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും തിങ്കളാഴ്ച ഹൈക്കോടതില്‍ ഹര്‍ജി നല്‍കുമെന്നും സനലിന്റെ ഭാര്യ വിജി വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഹരികുമാര്‍ പിടിച്ചു തള്ളിയ സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ചത്. തുടര്‍ന്ന് ഹരികുമാറിനെതിരെ കേസെടുക്കുകയും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ഹരികുമാറും സുഹൃത്ത് ബിനുവും ഒളിവിലാണ്. ഇവര്‍ക്ക് സിം കാര്‍ഡ് എടുത്തു കൊടുത്ത സതീഷ് എന്നയാളെ പോലീസ് ഞായറാഴ്ച തമിഴ്‌നാട്ടില്‍നിന്ന് ക്രൈം ബ്രാഞ്ച് പിടികൂടിയത്.
അതേസമയം അന്വേഷണം ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പിച്ച നടപടിയില്‍ തൃപ്തിയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം പുനരാലോചിക്കുമെന്നും വിജി പറഞ്ഞു.