നവോത്ഥാനം സമൂഹത്തിന് നല്‍കിയത് മനുഷ്യത്വത്തിന്റെ വെളിച്ചം : മുഖ്യമന്ത്രി പിണറായി വിജയന്‍
ഗുരുവായൂർ : എത്രയോ ചട്ടങ്ങളേയും ആചാരങ്ങളേയും മാറ്റിയാണ് സമൂഹം മുന്നോട്ട് പോയതെന്നും നവോത്ഥാനം സമൂഹത്തിന് മനുഷ്യത്വത്തിന്റെ വെളിച്ചമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആചാരം ലംഘിച്ചാണ് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത്. ആചാരങ്ങൾ ലംഘിക്കാനുള്ളതു കൂടിയാണെന്ന് നമ്മളെ പഠിപ്പിച്ചത് സാമൂഹിക പരിഷ്കർത്താക്കളാണ്. നവോത്ഥാന ചരിത്രത്തിലെ തിളക്കമേറിയ കണ്ണിയാണ് ഗുരുവായൂര്‍ സത്യാഗ്രഹമെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്‌മാരകവും , പ്രസാദം പദ്ധതിയിൽ കേന്ദ്ര സർക്കാർ നാലു കോടി ചിലവിൽ ഗുരുവായൂർ ദേവസ്വത്തിൽ സഥാപിച്ച സി സി ടി വി ക്യാമറകളുടെ പ്രവര്‍ത്തനോദ്‌ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാലോചിതമായി ആചാരങ്ങള്‍ മാറ്റാനും പരിഷ്‌ക്കരിക്കാനും മുന്നിലുണ്ടായിരുന്നത് വിശ്വാസികളായിരുന്നു എന്നത് നാം മറക്കരുത്. അനാചരങ്ങള്‍ മാറ്റാനുളള ഊര്‍ജ്ജമായിരുന്നു അവര്‍ക്ക് വിശ്വാസം എന്നത് നാം മറന്നുകൂടാ. ഋതുമതിയായ സത്രീക്കും ചുടല കാക്കുന്ന ചണ്‌ഡാളനും നിഷിദ്ധമല്ല ദൈവം എന്നാണ് ഹരിനാമകീര്‍ത്തനത്തില്‍ എഴുത്തച്ഛന്‍ പറയുന്നത്. ബ്രാഹ്മണന് എത്രത്തോളം അവകാശപ്പെട്ടതാണോ ദൈവം അത്രത്തോളം അവകാശപ്പെട്ടതാണ് ഋതുമതിയായ സ്‌ത്രീക്കും ചണ്‌ഡാളനുമെന്ന് എഴുതിയ എഴുത്തച്ഛന്‍ എത്ര പുരോഗമന പരമായാണ് കാര്യങ്ങളെ കണ്ടത്. അതിനെതിരുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. ചാതുർവർണ്യം തിരികെ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ ആചാരം പറയുന്നവർ . അനാചരത്തെ ഉറപ്പിക്കാനുളളതല്ല വിശ്വാസം എന്ന് നാം മനസ്സിലാക്കണം-മുഖ്യമന്ത്രി പറഞ്ഞു.
വടകരയിലെ കോണ്‍ഗ്രസ്സ് സമ്മേളനത്തിലാണ് അധ:കൃതരുടെ ക്ഷേത്രപ്രവേശനം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. അതിനെ തുടര്‍ന്നാണ് 1931 ല്‍ ഗുരുവായൂര്‍ സത്യാഗ്രഹം നടത്താന്‍ തീരുമാനിക്കുന്നത്. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വഴികാട്ടിയാണ് 1924 ലെ വൈക്കം സത്യാഗ്രഹം. ക്ഷേത്രത്തിനടുത്ത പൊതുവഴികളിലൂടെ നടക്കാനുളള അവകാശം തേടിയായിരുന്നു ആ സമരം. ഇത്തരം സമരങ്ങളിലൊക്കെ സവര്‍ണ്ണവിഭാഗത്തിലെ ഉള്‍പതിഷ്‌ണുക്കള്‍ പങ്കെടുത്തുവെന്ന കാര്യം മറക്കരുത്. അനാചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ അക്കാലത്തെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ഭാഗമായി അക്കാലത്ത് കസ്‌തൂര്‍ബ ഗാന്ധിയും രാജഗോപാലാചാരിയും പൊന്നാനി താലൂക്കിലുടനീളം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പരിശ്രമിച്ചു. ഇന്ന് ആചാരമാണ്, വിശ്വാസമാണ് മാറ്റാന്‍ പാടില്ല എന്ന് പറയുന്നവര്‍ ഇവരെക്കുറിച്ചും ഓര്‍ക്കണം. അക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വം കൈകൊണ്ട നിലപാട് ഇപ്പോള്‍ കൈക്കൊളളാന്‍ വര്‍ത്തമാനക്കാലത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നുണ്ടോ എന്നീ കാര്യത്തില്‍ ആത്മപരിശോധന നടത്തണം-മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ ഭാഗമായി നമ്മുടെ നാട് ഏറെ മുന്നോട്ട് പോയെങ്കിലും ഒരു കൂട്ടര്‍ എത്രത്തോളം പുറകോട്ട് പോയി എന്നത് കൂടി നാം ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കെ കേളപ്പനൊപ്പം എ കെ ജിയും കൃഷ്‌ണപിളളയും സുബ്രഹ്മണ്യന്‍ തിരുമുമ്പും വിഷ്‌ണു ഭാരതീയനും മറ്റും സജീവമായിരുന്നു. ആരാധനയ്‌ക്ക് പ്രാധാന്യം നല്‍കാത്ത വ്യക്തി ജീവിതം ആയിരുന്നു കെ കേളപ്പന്‍ ഉള്‍പ്പെടെയുളള നേതാക്കളുടേത്. ഗുരുവായൂര്‍ ക്ഷേത്രം തകരട്ടെ എന്ന് കരുതിയല്ല കെ കേളപ്പന്‍ ഉള്‍പ്പെടെയുളളവര്‍ ഗുരുവായൂര്‍ സത്യാഗ്രഹം നടത്തിയത്. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ അവകാശത്തിന് വേണ്ടിയായിരുന്നു സമരം. സമൂഹത്തിന് നിഷേധിക്കപ്പെട്ട അവകാശം സ്ഥാപിച്ചെടുക്കാനായിരുന്നു അത്. സത്യാഗ്രഹത്തിന്റെ അവസാനകാലത്തും അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനം സാധ്യമായില്ല. പക്ഷെ സാമൂഹ്യ അവബോധത്തില്‍ മാറ്റം ഉണ്ടായി. 1947 ജൂണ്‍ 2 നാണ് ഗുരുവായൂരില്‍ അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമായത്. വളരെക്കാലം നീണ്ട പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു ആ മാറ്റം. ഇത്തരം മാറ്റങ്ങള്‍ക്കെതിരെ ഏക്കാലത്തും യാഥാസ്ഥിതിക വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇവരുടെ അട്ടിപ്പേറെടുക്കാന്‍ ഒരു രാഷ്‌ട്രീയ പ്രസ്ഥാനം തയ്യാറായില്ല. കാരണം ജനങ്ങള്‍ക്ക് വേണ്ടിയാണ്, സമൂഹത്തിന് വേണ്ടിയാണ്, രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ നിലകൊളളുന്നത്. എന്നാല്‍ അന്നത്തെ യാഥാസ്ഥിതിക വിഭാഗത്തിന്റെ അട്ടിപ്പേറെടുക്കുന്നവരാണ് ഇന്ന് മാറ്റങ്ങള്‍ പാടില്ല എന്ന് പറയുന്നത്. ഇത്തരക്കാരുടെ സ്ഥാനം ചരിത്രത്തില്‍ എവിടെയാണ് എന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും. മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണഗുരുവും അയ്യങ്കാളിയും മന്നത്ത് പത്മനാഭനും പൊയ്‌കയില്‍ അപ്പച്ചനും വി ടി ഭട്ടതിരിപ്പാടും വാഗ്‌ഭടാനന്ദനും കെ കേളപ്പനും ഇ എം എസും കൃഷ്‌ണപിളളയും എ കെ ജിയും സുബ്രഹ്മണ്യന്‍ തിരുമുമ്പും വിഷ്‌ണുഭാരതീയനും ഉള്‍പ്പെടെയുളള നവോത്ഥാന നായകന്മാര്‍ ഏറെ പണിപ്പെട്ട് ദുരാചാരങ്ങളെ തുടച്ച് നീക്കിയാണ് പുതിയ കേരളത്തെ നിര്‍മ്മിച്ചത്. അവര്‍ കൊളളുത്തിയ വെളിച്ചം തല്ലികെടുത്താനാണ് ഇന്ന് ചിലരുടെ ശ്രമം. ഇത് ഗൗവരമായി കാണേണ്ടതുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്‌ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു.സി എൻ ജയദേവൻ എം പി മുരളി പെരുനെല്ലി എംഎല്‍എ, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്, ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ പി വിനോദ്, മറ്റ് സ്ഥിരം സമിതി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി സ്വാഗതവും ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ എസ് വി ശിശിര്‍ നന്ദിയും പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെയും സർക്കാരിെൻറയും നിലപാടിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വേദിക്ക് സമീപം ശരണം വിളിച്ച് പ്രതിഷേധിച്ചു. മഞ്ജുളാലിന് സമീപം പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.