ഔദ്യോഗിക ഭാഷാവാരാചരണം : ഭാഷയുടെ സാമൂഹികമാനങ്ങള്‍ സെമിനാര്‍ സംഘടിപ്പിച്ചു
തൃശൂർ : ഔദ്യോഗിക ഭാഷാവാരാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ശ്രീ കേരളവര്‍മ്മ കോളേജ് മലയാളം-രാഷ്ട്രതന്ത്രം വകുപ്പുകളും ചേര്‍ന്ന് ഭാഷയുടെ സാമൂഹികമാനങ്ങള്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രൊഫ. സി.ബി. മോഹന്‍ദാസ്, ഡോ. ടി മുരളീധരന്‍, ഡോ. വിനോദ്ചന്ദ്രന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഭാഷ അധികാര നിര്‍മ്മിതിയില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന് പ്രൊഫ.സി.ബി. മോഹന്‍ദാസ് പറഞ്ഞു.
കേരളത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം എന്ന സമ്പ്രദായം നിലവില്‍വന്നത് കഴിഞ്ഞ നൂറ്റാില്‍ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷ ജ്ഞാനം നേടാനുള്ള വഴിയാണ്.ജ്ഞാനം നേടുന്നയാള്‍ ചോദ്യം ചോദിക്കാന്‍ പഠിക്കുകയാണ്. അധികാരം പ്രവര്‍ത്തിക്കുന്നത് കേന്ദ്രീകൃതമായി മാത്രമല്ല, മറിച്ച് വ്യക്തികളിലാണെന്നും അത് ഉപയോഗിക്കുന്നത് വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഭാഷകളില്‍നിന്നാണ് ഭാഷകള്‍ പിറവിയെടുക്കുന്നതെന്നും ഭാഷ ഒരുചരിത്രമാണെന്നും
ഡോ. ടി മുരളീധരന്‍ പറഞ്ഞു. ഭാഷാപരമായ ലിംഗവിവേചനം ഇന്നത്തെ സമൂഹത്തില്‍ വ്യാപകമായി നിലനില്‍ക്കുകയാണ്. ഭാഷയാണ് വ്യക്തിയുടെ സമീപനത്തെ നിര്‍ണയിക്കുന്നത്.
ഭാഷാപരമായ വിവേചനങ്ങളെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കിയാല്‍ ലോകത്തെ മാറ്റിയെടുക്കാനാവും. ഭാഷയ്ക്ക് ന്യൂനത വരുമ്പോള്‍ പുതിയ വാക്കുകള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യത്തിന്‍റെ ആഘോഷമാണ് ഭാഷയുടെ വ്യാകരണമെന്ന് ഡോ. വിനോദ്ചന്ദ്രന്‍ പറഞ്ഞു. പുതിയൊരു വിമോചനഭാഷ സ്വാതന്ത്ര്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. ശ്രീ കേരളവര്‍മ്മ കോളേജ് രാഷ്ട്രതന്ത്ര വിഭാഗം മേധാവി പ്രൊഫ. പ്രമോദ് അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. സന്തോഷ് സ്വാഗതവും കേരളവര്‍മ്മ കോളേജ് മലയാളം വിഭാഗം അധ്യാപിക പ്രിയ നന്ദിയും പറഞ്ഞു.