സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ല : അമിത് ഷാ
കണ്ണൂര്‍: അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മുന്നറിയിപ്പ്. അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. കണ്ണൂരില്‍ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തല്‍ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരെ ജയിലിലടച്ചത് എന്തിന് വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചത്. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നത് തീക്കളിയാണെന്ന് ഓര്‍ത്തുകൊളളുക. ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നും അമിത് ഷാ പറഞ്ഞു.
സുപ്രീം കോടതിയേയും അമിത് ഷാ വെല്ലുവിളിച്ചു. കോടതികള്‍ നടപ്പാക്കാനാകുന്ന വിധി മാത്രം പ്രസ്താവിച്ചാല്‍ മതിയെന്ന് അമിത് ഷാ പറഞ്ഞു. ഒരു മൗലികാവകാശം ഉറപ്പാക്കാന്‍ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാന്‍ കോടതിക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാനാകില്ല. സ്ത്രീ പുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ കേരളത്തിനായി പ്രഖ്യാപിച്ചു. എയിംസ് അനുവദിച്ചു, പാലക്കാട്ട് ഐഐടി അനുവദിച്ചു. കൊച്ചിയില്‍ റെയില്‍ കോച്ച് ഫാക്ടറി അനുവദിച്ചു, ദേശീയ പാത വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. പക്ഷേ കേരള സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
ഇക്കാലത്തിനിടെ എത്ര കോടതി വിധികള്‍ വന്നു. അതൊന്നും നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചില്ല.
മുസ്ലീം പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്നത് ഉള്‍പ്പെടെയുള്ള വിധികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു. ഇതൊന്നും നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്തുകൊണ്ട് ശബരിമല വിധി നടപ്പാക്കാന്‍ ആവേശം കാണിക്കുന്നുവെന്നും അമിത് ഷാ ചോദിച്ചു.
അടിച്ചമര്‍ത്താന്‍ എടുക്കുന്ന വ്യഗ്രത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ കണ്ടില്ല. കേരളത്തിന്റെ വികസനം നടപ്പാക്കാന്‍ കഴിയുമെങ്കില്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമായിരിക്കും. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനായി, അയ്യപ്പനോടുള്ള ഭക്തി പ്രകടിപ്പിക്കാനുള്ള അവസരം നിഷേധിക്കുന്നതിനെതിരായിട്ട് നടത്താന്‍ പോകുന്ന സമരപരിപാടികളില്‍ എന്‍എസ്എസ്സിനൊപ്പം ബിഡിജെഎസ്സിനൊപ്പം അണിനിരക്കണമെന്ന് അഭ്യാര്‍ഥിക്കുന്നു. ആചാരഅനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയു പോകും. സ്വാമിയേ ശരണം അയ്യപ്പ എന്ന് വിളിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം നിര്‍ത്തിയത്