ഗുരുവായൂർ ഭണ്ഡാര വരവിൽ രണ്ടരക്കോടിയുടെ കുറവ് , ലഭിച്ചത് വെറും മൂന്നു കോടി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടര കോടി രൂപയുടെ കുറവ് . ഈ മാസത്തെ കൗണ്ടിങ്ങ് പൂർത്തിയായപ്പോൾ വെറും മൂന്ന് കോടി ഒരു ലക്ഷത്തി എൺപത്തി ഒന്പതിനായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റൊന്നു രൂപ മാത്രമാണ് ലഭിച്ചത് (3,01,89,191 ) . 2.494.300 ഗ്രാം സ്വർണ്ണവും ,13.960 കിലോ വെള്ളിയും ലഭിച്ചു . കഴിഞ്ഞ വർഷം ഇതേ സമയത്ത് നടന്ന ഭണ്ഡാര കൗണ്ടിങ്ങിൽ അഞ്ചര ക്കോടി രൂപയോളമാണ് ലഭിച്ചത് .
പത്തു ദിവസത്തോളം എടുത്താണ് ഭണ്ഡാരം എണ്ണൽ പൂർത്തീകരിക്കാറെങ്കിൽ ഈ പ്രാവശ്യം ആറു ദിവസം കൊണ്ട് എണ്ണൽ പൂർത്തിയായി . 13,200 രൂപയുടെ നിരോധിച്ച നോട്ടും ലഭിച്ചു . കാനറാ ബാങ്കിനായിരുന്നു എണ്ണുന്നതിന്റെ ചുമതല .
മറ്റ് ഏത് ക്ഷേത്രത്തിലും ഭണ്ഡാര വരവ് കുറഞ്ഞാലും ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് കൂടി കൊണ്ടിരിക്കുകയായിരുന്നു .എന്നാൽ കുറച്ചു കാലങ്ങളായി അതിൽ മാറ്റം വന്നു തുടങ്ങി .
ക്ഷേത്രത്തിൽ എത്തുന്ന ഭക്തരെ ശത്രുക്കളെ പോലെയാണ് ഒരു വിഭാഗം ജീവനക്കാർ കണ്ടിരുന്നത് . ഫാക്ടറികളിൽ ജോലി ചെയ്യുന്നപോലെ കൃത്യ സമയം നോക്കിയയായിരുന്നു പലരും ജോലി നോക്കിയിരുന്നത് . തിരക്ക് കൂടുതൽ ഉള്ള ശനിയാഴ്ച രാത്രിയും , ഞായറഴ്ച ഉച്ചവരെയും വരി നിൽക്കുന്നു മുഴുവൻ പേർക്കും ദർശനം ലഭിക്കാറില്ല .തിരക്കില്ലാത്ത ദിവസങ്ങളിലെ പോലെ തിരക്കുള്ള ദിവസങ്ങളിലും വിമുക്ത ഭടന്മാർ കൃത്യ സമയത്ത് തന്നെ ദർശന വരി അടക്കും . ഇത് ചോദ്യം ചെയ്യുന്ന ഭക്തരെ മാനസിക മായി പീഡിപ്പിച്ചാകും വിടുക . അത് കൊണ്ട് ഒരിക്കൽ വന്ന് തിക്താനുഭവം ഉണ്ടായാൽ വീണ്ടും ഇവിടേക്ക് വരാൻ മടിക്കും .
.ഭക്തരുടെ സൗകര്യത്തിന് മുൻഗണന നൽകാൻ ഭരണാധികാരികളും ശ്രമിക്കാറില്ല . ഭണ്ഡാര വരവ് ഇത് പോലെ കുത്തനെ ഇടിയുകയാണെങ്കിൽ ഭാവിയിൽ തങ്ങൾക്ക് പെൻഷൻ ലഭിക്കാൻ ബുദ്ധിമുട്ടാകും എന്നാണ് പെൻഷൻകാർ ഭയക്കുന്നത് . ഭണ്ഡാര വരവിലെ കുറവ് മുന്നിൽ കണ്ട് ദിവസങ്ങൾക്ക് മുൻപ് വഴിപാട് നിരക്കിൽ ദേവസ്വം വൻ വർദ്ധനവ് വരുത്തിയിരുന്നു .എത്ര കാലം ഇതുപോലെ ചെപ്പടി വിദ്യ കാട്ടി മുന്നോട്ട് പോകാൻ കഴിയുമെന്നാണ് ഭക്തർ ആശങ്ക പ്പെടുന്നത് . കഴിഞ്ഞ നൂറ്റാണ്ടിൽ ഏറെ പ്രഭാവത്തിൽ ഉണ്ടായിരുന്ന പല മഹാക്ഷേത്രങ്ങളെയും ഭക്തർ കയ്യൊഴിഞ്ഞതിനെ തുടർന്ന് അവിടെ നിത്യ നിദാന കാര്യങ്ങൾക്ക് ക്ലേശിക്കുകയാണ്ഇപ്പോൾ . ഗുരുവായൂർ ക്ഷേത്രത്തിലും അങ്ങിനെ ഉണ്ടാകരുതെന്നാണ് ഭക്തരുടെ പ്രാർത്ഥന .