

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. 46 റണ്‍സിന്റെ ജയവുമായി 5 മത്സരങ്ങളടങ്ങിയ പരമ്പര 4-1നു സ്വന്തമാക്കി ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള ഇന്ധനം ആവോളം ഗ്രീന്‍ഫീല്‍ഡില്‍ നിന്നു സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി. നിശ്ചിത ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് അടിച്ചെടുത്തത്. ന്യൂസിലന്‍ഡിന്റെ പോരാട്ടം 19.4 225 റണ്‍സില്‍ അവസാനിച്ചു.

അര്‍ഷ്ദീപ് സിങിന്റെ പേസും അക്ഷര്‍ പട്ടേലിന്റെ സ്പിന്നും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. അര്‍ഷ്ദീപ് സിങ് 5 വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ രണ്ടോവറില്‍ ധാരാളിയായ അര്‍ഷ്ദീപ് രണ്ടാം ഘട്ടത്തില്‍ മാരകമായി പന്തെറിഞ്ഞ് കിവികളെ അതിവേഗം തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 16ാം ഓവര്‍ എറിഞ്ഞ താരം ഈ ഓവറില്‍ 3 കിവി ബാറ്റര്‍മാരെയാണ് മടക്കിയത്. അക്ഷര്‍ പട്ടേല്‍ 4 ഓവറില്‍ 33 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി ഒ
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് അതിവേഗമാണ് കിവികള്‍ യാത്ര തുടങ്ങിയത്. അവര്‍ 8 ഓവറില്‍ 100 കടന്നു. എന്നാല്‍ ഓപ്പണര്‍ ഫിന്‍ അലന്‍ തുടക്കത്തില്‍ നടത്തിയ വെടിക്കെട്ടില്‍ ഇന്ത്യ വിറച്ചത് മാറ്റി നിര്‍ത്തിയാല്‍ കാര്യങ്ങള്‍ ഏതാണ്ട് ഇന്ത്യയുടെ വരുതിയില്‍ നിന്നു.
അലന്‍ 38 പന്തില്‍ 6 സിക്‌സും 8 ഫോറും സഹിതം 80 റണ്‍സ് അടിച്ചെടുത്തു. രചിന്‍ രവീന്ദ്ര 2 വീതം സിക്‌സും ഫോറും സഹിതം 17 പന്തില്‍ 30 റണ്‍സും സ്വന്തമാക്കി. 12 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 26 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ എന്നിവരും പൊരുതി നോക്കി. വാലറ്റത്ത് ഇഷ് സോധിയും ഒരു ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. താരം 15 പന്തില്‍ 33 റണ്‍സുമായി പുറത്തായി.
സിക്‌സുകളുടെ ആറാട്ട് കണ്ട ഗ്രീന്‍ഫീല്‍ഡില്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. ഇന്ത്യന്‍ താരങ്ങളെല്ലാവരും ചേര്‍ന്നു 23 സിക്‌സുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ പറത്തിയത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ടി20 പോരാട്ടത്തില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും മികച്ച ടീം ടോട്ടലെന്ന റെക്കോര്‍ഡോടെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തന്നെ അടിച്ചെടുത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ടീം ടോട്ടലെന്ന നേട്ടവും സ്‌കോര്‍ സ്വന്തമാക്കി.
ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമിലാണ് ഇഷാന്‍ കിഷന്‍ ബാറ്റ് വീശിയത്. കരിയറിലെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി താരം ഗ്രീന്‍ഫീല്‍ഡില്‍ അടിച്ചെടുത്തു. 42 പന്തില്‍ 103 റണ്‍സടിച്ചാണ് ഇഷാന്‍ സെഞ്ച്വറി തൊട്ടത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി. 10 സിക്‌സും 6 ഫോറും സഹിതമാണ് കന്നി ശതകം. 43ാം പന്തില്‍ താരം പുറത്താകുകയും ചെയ്തു.
ഇഷ് സോധി എറിഞ്ഞ 12ാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിച്ച് ഇഷാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാക്കിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സോധിയുടെ ഈ ഓവറില്‍ താരം 4 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സ് അടിച്ചെടുത്തു. ഈ ഓവറില്‍ ആദ്യ പന്ത് വൈഡായതോടെ ഓവറില്‍ 29 റണ്‍സും പിറന്നു.
അഞ്ചാം പോരാട്ടത്തില്‍ ഇലവനില്‍ തിരിച്ചെത്തിയ ഇഷാന്‍ 28 പന്തില്‍ 51 റണ്‍സെടുത്താണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇഷ് സോധിയുടെ ആദ്യ പന്തില്‍ ഫോറടിച്ചാണ് താരം അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെയാണ് ശേഷിക്കുന്ന അഞ്ച് പന്തുകളും താരം ബൗണ്ടറിയിലേക്ക് പറത്തിയത്. പിന്നാലെ വന്ന ലോക്കി ഫെര്‍ഗൂസന്റെ രണ്ടാം പന്ത് നേരിട്ട് അതും സിക്‌സറിലേക്ക് പായിച്ചു.
സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. ക്യാപ്റ്റന്‍ 6 സിക്‌സും 4 ഫോറും സഹിതമാണ് അര്‍ധ സെഞ്ച്വറി പിന്നിട്ട് പുറത്തായത്. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയും വന്‍ ഹിറ്റിങ് മൂഡില്‍ തന്നെയായിരുന്നു. താരം 17 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 42 റണ്‍സുമായി മടങ്ങി.
അവസാന പന്ത് സിക്‌സര്‍ തൂക്കി ശിവം ദുബെ ഇന്ത്യന്‍ സ്‌കോര്‍ 271ല്‍ എത്തിച്ചു. 2 പന്തില്‍ 7 റണ്‍സുമായി ദുബെയും 8 റണ്‍സുമായി റിങ്കു സിങും പുറത്താകാതെ നിന്നു.
സഞ്ജു സാംസണ്‍ ഫോമിലെത്തുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ താരം നിരാശപ്പെടുത്തുന്നതു കണ്ടാണ് പോരാട്ടം തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിനു പിടി നല്‍കിയാണ് താരത്തിന്റെ മടക്കം.
സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു.
ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ 2 വിക്കറ്റെടുത്തു. ജേക്കബ് ഡഫി, കെയ്ല്‍ ജാമിസന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
