
പോലീസിന്റെ ‘സേഫ് ഓട്ടോ’ പദ്ധതിക്ക് തുടക്കമായി

ഗുരുവായൂർ : സുരക്ഷിത യാത്രയ്ക്കായി കേരള പോലീസ് നടപ്പാക്കുന്ന ‘സേഫ് ഓട്ടോ’ പദ്ധതിക്ക് ഗുരുവായൂരിൽ തുടക്കമായി. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന ചടങ്ങിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐപിഎസ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. അഡീഷണൽ എസ്.പി വി.എ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് മുഖ്യാതിഥിയായി.

ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുരേന്ദ്രൻ മങ്ങാട്ട്, സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ സിറ്റി എസിപി പി.ആർ ബിജോയ്, നാർക്കോട്ടിക്സ് സെൽ ആന്റ് ജെണ്ടർ ജസ്റ്റീസ് തൃശൂർ സിറ്റി എസിപി പി. ഷിബു, കൗൺസിലർ അനഘ ദിനേശൻ, ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി ജയപ്രദീപ്, എസ്.ഐ പി. രാജു എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സർവീസിൽ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. ചടങ്ങിന് മുന്നോടിയായി ജില്ലാ പോലീസ് മേധാവി ഗുരുവായൂരിലെ പ്രശ്നങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളുമായി സംവദിച്ചു. തുടർന്ന് വേണ്ട നിർദ്ദേശങ്ങളും അദ്ദേഹം നൽകി.
സേഫ് ഓട്ടോ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 25 ഓട്ടോറിക്ഷകളിൽ പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറുള്ള സ്റ്റിക്കറുകൾ പതിച്ചു. യാത്രക്കാർക്കും ഡ്രൈവർമാർക്കും അടിയന്തര ഘട്ടങ്ങളിൽ 112 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെടാം.

